തീർഥാടകർ കുറഞ്ഞതോടെ ടൂർ ഒാപറേറ്റർമാർക്ക് വൻ നഷ്ടം
text_fieldsകോഴിക്കോട്: ശബരിമലയിലുണ്ടായ സംഘർഷം കാരണം കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. ടൂർ ഒാപറേറ്റർമാരുടെയും ട്രാവൽസുകാരുടെയും വരുമാനത്തിൽ വലിയ ഇടിവാണ് ഇതുമൂലമുണ്ടായത്. സംഘർഷ സാധ്യത ഭയന്നാണ് പല ഭക്തരും യാത്ര ഒഴിവാക്കുന്നത്. സാധാരണ നട തുറക്കുന്ന വൃശ്ചിക മാസത്തിൽ വിവിധ ജില്ലകളിൽനിന്ന് നിരവധി വാഹനങ്ങൾ ഭക്തരെയും കൊണ്ട് ശബരിമലയിലേക്ക് പോകാറുണ്ട്. കഴിഞ്ഞവർഷം ഇതേസമയം കോഴിക്കോട് ആസ്ഥാനമായ വിവേകാനന്ദ ട്രാവൽസിെൻറ 20ൽ അധികം ബസുകളും ചെറുവാഹനങ്ങളും വിവിധ ജില്ലകളിൽനിന്ന് ദിവസേന പോയിരുന്നു. ഇപ്പോൾ രണ്ടു ബസുകൾ മാത്രമാണ് പോകുന്നത്. ബുക്കിങ് വളരെ കുറഞ്ഞതായി എം.ഡി സി. നരേന്ദ്രൻ പറഞ്ഞു. സമരാന്തരീക്ഷം ഒഴിഞ്ഞതു കാരണം സ്ഥിതി മെച്ചപ്പെടുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ശരാശരി ഏഴോളം ബസുകൾ പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസിലേക്കുപോലും ആളില്ലാത്ത അവസ്ഥയാണെന്ന് പ്രപഞ്ചം ടൂർസ് ഉടമ പറഞ്ഞു. പ്രത്യേക ശബരിമല യാത്രകൾ സംഘടിപ്പിച്ചിരുന്ന നിരവധി ചെറിയ സ്ഥാപനങ്ങൾക്കും ബുക്കിങ് ഇല്ലാത്ത അവസ്ഥയാണ്.
ഗ്രാമപ്രദേശങ്ങളിൽനിന്ന് ഭക്തർ ഒാട്ടംവിളിച്ചിരുന്ന ട്രാവലറുകൾക്കും ജീപ്പുകൾക്കും ഇത്തവണ ആവശ്യക്കാരില്ല. കെ.എസ്.ആർ.ടി.സി ബസിൽ പോകുന്നവരുടെ എണ്ണവും കുറഞ്ഞു. മുത്തങ്ങ ചെക്ക് പോസ്റ്റിൽ വരുന്ന വാഹനങ്ങൾ കുറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ ചാനലുകളടക്കമുള്ള മാധ്യമങ്ങൾ ശബരിമല സംഘർഷവും മറ്റും വിശദമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽനിന്ന് പലരും യാത്ര ഒഴിവാക്കി. കർണാടകയിൽനിന്നുള്ള തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് വലിയ കുറവില്ല. ശബരിമലയിൽ ഇപ്പോൾ മലയാളികളെക്കാൾ കൂടുതൽ ഇതര സംസ്ഥാനക്കാരാണ് എത്തുന്നത്. ഭക്തരുടെ വേഷത്തിൽ ശബരിമലയിലെത്തിയ കുഴപ്പക്കാർ കാരണം കേസിൽപെടുേമായെന്ന ഭയവും വിശ്വാസികളെ അകറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.