ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു; 14 പേർക്ക് പരിക്ക്
text_fieldsഎരുമേലി: എരുമേലി-പൂഞ്ഞാർ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ചെന്നൈ താംബരം സ്വദേശി രാമുവിന്‍റെ മകള്‍ സംഘമിത്രയാണ് മരിച്ചത്.
തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് പോയ മിനിവാനാണ് കണ്ണിമല മഠംപടിയിലെ വളവിൽ നിയന്ത്രണംതെറ്റി 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സംഘമിത്രയെ ഉടൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു.
രാമു (42), കുഴലി (നാല്), മോഷപ്രിയ (ഒമ്പത്), രാജേഷ് (34), മണിവർണൻ (34), ശിവരാമൻ (44), നന്ദകുമാർ (23), പ്രജിൻ (12), ഹാരീഷ് (14), മുത്തുമാണിക്യം (43), മർഷിണി (10), ഹരിഹരൻ (36), കാർത്തികേയൻ (34), ദിയാനദി (നാല്), പ്രവീൺ (34), പ്രഭാകർ (19), ഡ്രൈവർ എം. മോഹൻ (46) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. സാരമായി പരിക്കേറ്റ ഒമ്പതുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് എരുമേലിയിലേക്ക് വരുകയായിരുന്ന തീർഥാടക വാഹനം കണ്ണിമലയിലെ ഇറക്കത്തിലെ വളവിൽ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. ക്രാഷ് ബാരിയർ തകർത്താണ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞത്.
ഡ്രൈവർ ഉൾപ്പെടെ 21 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. എരുമേലിയിൽനിന്നുള്ള അഗ്നിരക്ഷ സേനയും പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.