ശബരിമലയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്: ചട്ടങ്ങൾ ലംഘിച്ചാൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല പതിനെട്ടാംപടിയിൽ ശ്രീകോവിലിന് പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത് ഹൈകോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥൻ നേരിട്ട് വിശദീകരണം നൽകുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ക്ഷേത്രത്തിന്‍റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്നും ചട്ടങ്ങൾ ലംഘിച്ചാൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയിൽ അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈയേറിയ കടയുടമകൾക്കെതിരായ നടപടികളെക്കുറിച്ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. കരാർ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. രണ്ടുപേർ അവർക്ക് അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈവശപ്പെടുത്തിയാണ് കച്ചവടം നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം.
കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ വിൽപന, പഴകിയ എണ്ണയുടെയും മസാലകളുടെയും ഉപയോഗം, അമിതവില തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.