നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം: ആർ.എസ്.എസ് നേതാവിന് സസ്പെൻഷൻ VIDEO
text_fieldsഎറണാകുളം: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപപ്രതിഷേധം നടത്തിയ കേസിൽ റിമാൻഡിലായ ആർ.എസ്.എസ് നേതാവ് ആർ. രാജേഷിന് സസ്പെൻഷൻ. മലയാറ്റൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ ഗ്രേഡ്-2 ഫാർമസിസ്റ്റായ രാജേഷിനെ സർക്കാർ സർവീസിൽ നിന്ന് അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം ജില്ലാ മെഡിക്കൽ ഒാഫിസറാണ് അച്ചടക്ക നടപടി സ്വീകരിച്ച് ഉത്തരവിട്ടത്.
പത്തനംതിട്ട ജില്ല കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് ശബരിമല സന്നിധാനത്ത് 18ാം തീയതി നടന്ന അനിഷ്ട സംഭവങ്ങളിൽ ഉൾപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. നവംബർ 19 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് അച്ചടക്ക നടപടി.
സർക്കാർ സർവീസിലുള്ള ഒരു ഉദ്യോഗസ്ഥൻ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ക്രമസമാധാനനില തകരുന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് ഗുരുതര കുറ്റമാണ്. അതിനാൽ വകുപ്പ് മേധാവിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലും േകരള സർക്കാർ ജീവനക്കാരുടെ ശിക്ഷണ നടപടി സംബന്ധിച്ച മാന്വൽ ഖണ്ഡിക 16(4)ലെ പരാമർശനം അനുസരിച്ചുമാണ് നടപടിയെന്ന് ഉത്തരവിൽ വിവരിക്കുന്നു.
നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയതിന് 70 പേരെയാണ് സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 69 പേരെ 14 ദിവസത്തേക്ക് പത്തനംതിട്ട മുൻസിഫ് കോടതി റിമാൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഒരാെള പ്രായപൂർത്തിയാകാത്തതിനാൽ ഒഴിവാക്കി.
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ ഉണ്ടായ പ്രതിഷേധത്തിലും രാജേഷ് പങ്കെടുത്തതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എറണാകുളത്തെ ആർ.എസ്.എസിന്‍റെ സംഘടനാ ചുമതലയുള്ള നേതാവാണ് രാജേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.