ശബരിമല: മുൻ കോൺഗ്രസ് നേതാവിന് ഹരിവരാസനം റേഡിയോ നടത്തിപ്പ് നൽകാനുള്ള വഴിവിട്ട നീക്കം പുറത്ത്; സി.ഐ.ടി.യു എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു
text_fieldsശബരിമല: ശബരിമലയുടെ പേരിൽ ആരംഭിക്കാനിരിക്കുന്ന ഹരിവരാസനം റേഡിയോ നടത്തിപ്പിന്റെ കരാർ മുൻ കോൺഗ്രസ് നേതാവിന് നൽകാനുള്ള വഴിവിട്ട നീക്കം ഇടതുപക്ഷ അനുകൂല സംഘടനയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. കോൺഗ്രസ് പുറത്താക്കിയ മുൻ നേതാവ് കാസർകോട് സ്വദേശി ബാലകൃഷണന്‍ പെരിയക്ക് ആണ് കരാർ നൽകുവാൻ ബോർഡ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, ഇതിനെതിരെ സി.ഐ.ടി.യുവിൻറെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധം രേഖാമൂലം ബോർഡിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന ബോർഡ് മീറ്റിങ്ങിൽ പദ്ധതിയുടെ കരാർ ബാലകൃഷ്ണൻ പെരിയയ്ക്ക് നൽകേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
ഹരിവരാസനം റേഡിയോ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ആദ്യ ഘട്ടത്തിൽ 20 ലക്ഷവും തുടര്‍ന്നുള്ള ഓരോ മാസവും 5 ലക്ഷം വീതവും നൽകാനായിരുന്നു ബോർഡിൻറെ തിരക്കിട്ട നീക്കം. ഇതിനായി കരാർ വ്യവസ്ഥകൾ പോലും പാലിക്കപ്പെട്ടില്ല എന്നും ഇത് ബോർഡിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആരോപണവും ഉയർന്നു. സി.ഐ.ടി.യുവിലെ ഗ്രൂപ്പ് പോരാണ് ഈ വിഷയം പുറത്തു വരാൻ ഇടയാക്കിയത് എന്നാണ് സൂചന.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവരെ കോൺഗ്രസ് പുറത്താക്കിയത്. ഇദ്ദേഹത്തിനൊപ്പം വിവാഹത്തിൽ പങ്കെടുത്ത ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് സി.രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം മുൻ പ്രസിഡന്റുമാരായ ടി. രാമകൃഷ്ണൻ, പ്രമോദ് പെരിയ എന്നിവരുടെയും പാർട്ടി അംഗത്വം എടുത്തുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.