ശബരിമല: സുരക്ഷിതത്വത്തിനും സുഗമയാത്രക്കും ക്രമീകരണമൊരുക്കി റെയില്‍വേ
text_fieldsതിരുവനന്തപുരം: ശബരിമലതീര്‍ഥാടകരുടെ സുരക്ഷിതത്വത്തിനും സുഗമയാത്രക്കും റെയില്‍വേ വിപുലക്രമീകരണം ഏര്‍പ്പെടുത്തി. എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും യൂനിഫോമിലും അല്ലാതെയും പ്രത്യേക സുരക്ഷാസംഘങ്ങളെ വിന്യസിക്കും. തിരുവനന്തപുരം, കന്യാകുമാരി, കായംകുളം, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍, ഗുരുവായൂര്‍ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പ്രത്യേക സുരക്ഷാസംവിധാനമൊരുക്കുന്നത്.
തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകള്‍ 24 മണിക്കൂറും സി.സി.ടി.വി കാമറയുടെ നിരീക്ഷണത്തിലായിരിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സുരക്ഷാചുമതലകള്‍ക്കായി മറ്റ് ഡിവിഷനുകളില്‍ നിന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഒരു കമ്പനി ആര്‍.പി.എഫ് സേനയെയും എത്തിച്ചിട്ടുണ്ട്. ട്രെയിനുകളിലും സ്റ്റേഷന്‍പരിസരങ്ങളിലും ഗ്യാസ് സിലണ്ടര്‍, സ്റ്റൗ, മണ്ണെണ്ണ തുടങ്ങി തീപിടിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ഉപയോഗം തടയുന്നതിന് പ്രത്യേകം പരിശോധന നടത്തും.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.ആര്‍.ടി.സി, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ കൗണ്ടറുകളും പ്രീ പെയ്ഡ് ഓട്ടോ സൗകര്യവും കുടുംബശ്രീയുടെ സഹായത്തോടെ സസ്യഭോജനശാലയും ഒരുക്കും. ചെങ്ങന്നൂരിന് പുറമേ കോട്ടയത്തും അധിക ബുക്കിങ് കൗണ്ടറുകള്‍ തുറക്കും. കൗണ്ടറുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ബഹുഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ കൂടുതലായി നിയോഗിക്കും. പമ്പയിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. നിലവിലെ 182, 132 ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിവിധ ഭാഷാ പരിജ്ഞാനമുള്ളവരെ നിയോഗിക്കും. ഏത് മൊബൈല്‍ നമ്പറില്‍ നിന്നും ഈ സേവനം സൗജന്യമായി ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.