കനത്ത മഴയും നിയന്ത്രണങ്ങളും തീർഥാടകരെ വലക്കുന്നു
text_fieldsകോട്ടയം: കനത്തമഴയും സുരക്ഷ സന്നാഹങ്ങളും കർശന നിയന്ത്രണങ്ങളും ശബരിമല തീർഥാടകരെ വലക്കുന്നു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ എരുമേലിയിലും എരുമേലി-പമ്പ പാതയിലും കാനനപാതകളിലും ഇലവുങ്കലടക്കം ശബരിപാതകളിലും തീർഥാടകരെ ദുരിതത്തിലാക്കി. എരുമേലിയിൽനിന്ന് പമ്പാവാലി-ഇലവുങ്കൽ വഴിയുള്ള പമ്പ യാത്രയും പൊലീസിെൻറ പരിശോധനകളും വാഹനം തടഞ്ഞിടലും തീർഥാടകരെ പ്രതിസന്ധിയിലാക്കിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ദേവസ്വം ബോർഡും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചു. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയതിനാൽ പരിശോധനക്ക് കൂടുതൽ സമയം വേണ്ടിവരുന്നു.
നിലക്കലിൽനിന്ന് പമ്പയിലേക്കുള്ള യാത്രക്ക് മഴ തടസ്സം സൃഷ്ടിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച മുതൽ രാത്രിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അതേസമയം, നിലവിലെ സുരക്ഷ സംവിധാനങ്ങളിൽ വീട്ടുവീഴ്ച പാടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എരുമേലി, പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് കനത്ത സുരക്ഷ തുടരേണ്ടതെന്നും നിർദേശമുണ്ട്. എരുമേലിയിൽ അടിസ്ഥാന സൗകര്യത്തിെൻറ കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പ്രക്ഷോഭം ഭയന്ന് കച്ചവടക്കാർ സ്ഥലം ലേലം ബഹിഷ്കരിച്ചതിനാൽ ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിേട്ടക്കാം. നിലവിൽ ഹോട്ടലുകൾ പരിമിതമാണ്. വ്യാഴാഴ്ച ദേവസ്വം ബോർഡ് നടത്തിയ ലേലത്തിലും സ്ഥലം എടുക്കാൻ ആളില്ലാതായി. സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ദേവസ്വം ബോർഡ് അതിന് തയാറല്ല. നിലവിൽ എരുമേലിയിലും പമ്പ റൂട്ടിലും സൗകര്യം പരിമിതമാണ്.
പമ്പയിൽ കുളിക്കാൻപോലും കഴിയാത്തതിനാൽ തീർഥാടകർ എരുമേലിയിൽ കൊരട്ടി മണിമലയാറിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ടെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. മഴ തുടർന്നാൽ രാത്രി എരുമേലിയിൽനിന്ന് പമ്പക്കുള്ള വനയാത്ര ബുദ്ധിമുട്ടായേക്കുമെന്നും തീർഥാടകർ ജാഗ്രത പുലർത്തണമെന്നും സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് എരുമേലിയിലും പമ്പയിലും സന്നിധാനത്തും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ദേവസ്വംബോർഡിന് നോട്ടീസ് നൽകി. എരുമേലിയിൽ വൻസുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 800 പൊലീസുകാരാണ് സുരക്ഷക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.