ശബരിമല വരുമാനം 134.44 കോടി; 20 കോടിയുടെ കുറവ്
text_fieldsശബരിമല: മണ്ഡല പൂജക്കായി നട തുറന്ന് 29 ദിനങ്ങൾ പൂർത്തിയാവുമ്പോൾ ശബരിമലയിലെ ആകെ വരുമാനത്തിൽ 20 കോടിയുടെ കുറവ്. കഴിഞ്ഞ തീർഥാടന കാലത്തെക്കാള്‍ 203,306,510 രൂപയുടെ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇക്കുറി ശബരിമലയിലെ ആകെ വരവ് 134,44,90,495 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 154,77,97,005 രൂപയായിരുന്നു. അരവണ വില്‍പനയിലും വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. 61,91,32,020 രൂപയാണ് ഇതുവഴി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 73,75,46,670 രൂപയായിരുന്നു. 118,414,650 രൂപയുടെ ഇടിവ്. അപ്പം വില്‍പനയിലും സ്ഥിതി മറിച്ചല്ല. 8,99,05,545 രൂപയാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 9,43,54,875 രൂപയായിരുന്നു അപ്പം വില്‍പനയിലൂടെ ലഭിച്ചത്. ഈ വര്‍ഷം 4,449,330 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കാണിക്കയിലും ഭക്തര്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈപൊള്ളിച്ചു. ഇത്തവണ 41,80,66,720 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 46,45,85,520 രൂപയായിരുന്നു. ഇക്കുറി 46,518,800 രൂപയുടെ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. മണ്ഡലപൂജക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ വരുമാനത്തിലുണ്ടായ വൻ കുറവ് ദേവസ്വം ബോർഡിനെ ആശങ്കയിലാക്കുന്നുണ്ട്.
ശബരി സ്പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി
പാലക്കാട്: ശബരിമല തീർഥാടകരുടെ തിരക്ക് മുൻനിർത്തി അനുവദിച്ച ചെന്നൈ-കോട്ടയം ശബരി സ്പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി.ഡിസംബർ 15, 17, 22, 24 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, ഡിസംബർ 16,18, 23, 25 തീയതികളിൽ കോട്ടയത്തു നിന്ന് ചെന്നൈയിലേക്കുമാണ് സർവിസ്.രാവിലെ 4.30ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 4.15ന് കോട്ടയത്ത് എത്തും.രാവിലെ 4.40ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
പടികയറുന്നവരുടെ എണ്ണത്തിൽ വർധന
ശബരിമല: തിരക്കിനനുസരിച്ച് പടികയറുന്ന തീർഥാടകരുടെ എണ്ണത്തിലും വർധന. കഴിഞ്ഞ രണ്ടുദിവസങ്ങളായി മിനിറ്റിൽ 75 പേർ വീതം 4600ഓളം തീർഥാടകരെ വരെ ഓരോ മണിക്കൂറിലും പടികയറി ദർശനം നടത്തുന്നുണ്ട്. തിരക്ക് വർധിച്ചതോടെ പടികയറ്റത്തിന് വേഗം ലഭിക്കാനായി പടികളിൽ തൊട്ടുതൊഴുത് കയറുന്നതിൽനിന്ന് പൊലീസ് അയ്യപ്പഭക്തർ തീർഥാടകരെ വിലക്കുന്നുണ്ട്. ഇന്ത്യൻ റിസർവ് ബറ്റാലിയനും കേരള ആംഡ് പൊലീസും ചേർന്ന് മൂന്ന് ബാച്ചായാണ് പതിനെട്ടാംപടിയിൽ കർമനിരതരാകുന്നത്. ഓരോ ബാച്ചിലും 40 പേരാണുള്ളത്. നാല് മണിക്കൂർ ഇടവേളകളിൽ ബാച്ചുകൾ മാറും. ഓരോ 20 മിനിറ്റിലും പതിനെട്ടാംപടിയിൽ നിൽക്കുന്ന 14 പേർ മാറി അടുത്ത 14 പേർ എത്തും. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുശേഷമാണ് ശബരിമല ഡ്യൂട്ടിക്കായി തൃശൂരിലെ ഐ.ആർ.ബി ബറ്റാലിയന്റെ പുതിയ ബാച്ച് എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.