ശബരിമല റോഡുകൾ: പൊതുമരാമത്ത് മന്ത്രി രണ്ട് ദിവസം യാത്ര ചെയ്ത് പരിശോധിക്കും
text_fields തിരുവനന്തപുരം: ശബരിമല റോഡുകൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 19, 20 തീയതികളിൽ നേരിട്ട് യാത്ര ചെയ്ത് പരിശോധിക്കും. ശബരിമലയിലേക്ക് കൂടുതൽ തീർഥാടകർ എത്തുന്ന 19 റോഡുകൾക്ക് പ്രത്യേക പരിഗണന നൽകിയുള്ള പ്രവർത്തികളാണ് നടത്തുകയെന്ന് ഇതുസംബന്ധിച്ച അവലോകനയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
12 റോഡുകൾ ഐഡിന്‍റിഫൈഡ് റോഡുകളും ഏഴെണ്ണം സപ്ലിമെന്‍ററി റോഡുകളുമാണ്. നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം റോഡുകളിലൂടെ യാത്ര ചെയ്ത് പുരോഗതി റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കണം. ഒക്ടോബർ 15നകം റോഡ് പ്രവൃത്തികൾ പൂർത്തിയാക്കണം. ഇതിന് ശേഷമായിരിക്കും 19, 20 തീയതികളിൽ മന്ത്രിയുടെ നേതൃത്വത്തിൽ നേരിട്ടെത്തി പരിശോധന നടത്തുക. ഓരോ റോഡുകളുടെയും ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വീഴ്ചയുണ്ടായാൽ കർശന നടപടിയുണ്ടാകും. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല. ഉത്തരവാദിത്തം നിർവഹിക്കാത്തവരും അലസരുമായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
ശബരിമല തീർഥാടകർക്ക് ആദ്യമായി പൊതുമരാമത്ത് വകുപ്പിന്‍റെ റെസ്റ്റ് ഹൗസുകളിലും ഡോർമെട്രിയിലും ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തും. ശബരിമല സത്രത്തിലും ഈ സൗകര്യം ഏർപ്പെടുത്തും. റെസ്റ്റ് ഹൗസുകളിൽ ഇതിനകം ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 19ന് എരുമേലിയിലും സന്നിധാനത്തും റെസ്റ്റ് ഹൗസുകൾ ഉദ്ഘാടനം ചെയ്യും. അതേസമയം, പ്രവൃത്തികളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മന്ത്രി യോഗത്തിൽ താക്കീത് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.