ശബരിമല റോപ് വേ യാഥാർഥ്യത്തിലേക്ക്; ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കുളത്തൂപ്പുഴയില്‍ റവന്യൂ ഭൂമി
text_fieldsതിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നല്‍കാനുള്ള നിര്‍ണായക ഉത്തരവ് ശനിയാഴ്ച ഇറക്കി. ഇതനുസരിച്ച് റോപ്വേ പദ്ധതിക്കായി ശബരിമലയില്‍ ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം പരിഹാര വനവത്കരണത്തിനായി കൊല്ലം കുളത്തൂപ്പുഴ വില്ലേജില്‍ 4.5336 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് നല്‍കും. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് പോക്കുവരവ് ചെയ്ത് നല്‍കാനുള്ള ഉത്തരവും പുറത്തിറക്കി. ദേവസ്വം മന്ത്രി വി.എന്‍. വാസവന് നടത്തിയ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് വനം വകുപ്പിന്റെ തര്‍ക്കം പരിഹരിച്ചുകൊണ്ടുള്ള തീരുമാനം.
കുളത്തൂപ്പുഴയിലെ ഭൂമിയുടെ കാര്യത്തില്‍ കൊല്ലം കലക്ടര്‍ അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഹില്‍ടോപ്പില്‍നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മിക്കുന്ന റോപ്വേക്ക് ഈ തീര്‍ഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് മന്ത്രി. വി.എന്‍. വാസവന് പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റോപ്വേയുടെ നീളം. നിർമാണം പൂര്‍ത്തിയാകുന്നതോടെ 10 മിനിറ്റ് കൊണ്ട് പമ്പയില്‍നിന്ന് സന്നിധാനത്തെത്താം. സാധനസാമഗ്രികള്‍ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാം. അടിയന്തര സാഹചര്യത്തില്‍ രോഗികളെ കൊണ്ടുവരാൻ ആംബുലന്‍സായി ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.