ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയ സമരം; അനുരഞ്ജനമാണ് സര്‍ക്കാര്‍ നയം -മന്ത്രി കടകംപള്ളി
text_fieldsശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയസമരം മാത്രമാണെന്നും ജനം സത്യം തിരിച്ചറിയുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ അക്രമപാതയിലാണ് സമരം നയിക്കുന്നത്. ഇതിനെതിരെ ബലപ്രയോഗമല്ല, അനുരഞ്ജനത്തിെൻറ പാതയാണ് സര്‍ക്കാര്‍ പിന്തുടരുക. ആരുടെയും വിശ്വാസങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാറിന് സാധിക്കില്ല.
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യാഴവട്ടം കേസ് നടത്തിയവര്‍ തന്നെയാണ് ഇന്ന് സുപ്രീംകോടതി വിധിക്കെതിരെ പ്രാകൃതസമരം നയിക്കുന്നത്. ഇത് മാധ്യമങ്ങള്‍ തുറന്നുകാട്ടണം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയ ജനത ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയുകയും അവര്‍ക്കെതിരെ മുന്നോട്ടു വരുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ശാന്തമായ അന്തരീക്ഷത്തില്‍ ഏവരും ശബരിമല ദര്‍ശനം നടത്തണമെന്നതാണ് സര്‍ക്കാറിെൻറ ആഗ്രഹം. ഈ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ട്. ഇത് ജനം തിരിച്ചറിയുകയും അവര്‍ക്കെതിരെ ജനവികാരം ഉയരുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്. പ്രളയത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണോ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് അതേ ഗൗരവത്തോടെ തന്നെ ഭക്തര്‍ക്ക് തീര്‍ഥാടന സൗകര്യം ഒരുക്കുന്നതില്‍ അതിജാഗ്രത പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 15നകം എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് മണ്ഡലകാല തീര്‍ഥാടനത്തിന് സജ്ജമാകുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണ്. ഇതിനോടകം മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു യോഗങ്ങളാണ് ശബരിമലയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്തതെന്നും മന്ത്രി പറഞ്ഞു. രാജു എബ്രഹാം എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവന്‍, ദേവസ്വം കമീഷണര്‍ എന്‍. വാസു, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കടകംപള്ളി നുണപ്രചാരണം നടത്തുന്നു -എം.എസ്. കുമാർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ ആദ്യം സമീപിച്ചത് ആർ.എസ്.എസ് നേതാക്കളാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ. ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ ബന്ധമില്ലാത്ത, യങ്ലോയേഴ്സ് ഫോറത്തിെൻറ പേരിൽ ചിലരാണ് കോടതിയെ സമീപിച്ചത്. മന്ത്രി ഇൗ പ്രചാരണം അവസാനിപ്പിക്കണം, അല്ലെങ്കിൽ ആരോപണം തെളിക്കണമെന്നും അേദ്ദഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.