ശബരിമല തിരക്ക്: സർക്കാറിനെ വിമർശിച്ച് എൻ.എസ്.എസ്; കെടുകാര്യസ്ഥതയെന്ന് ജി. സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം സർക്കാറിന്‍റെ കെടുകാര്യസ്ഥതയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇപ്പോഴുള്ള അത്രയും ആളുകൾ ഒരു ബുദ്ധിമുട്ടും കൂടാതെ മുമ്പും ദർശനം നടത്തിയ ചരിത്രമുണ്ട്. അന്നെങ്ങും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാനുള്ള കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനമല്ല ഇന്നവിടെയുള്ളത്. ഒരു മിനിറ്റിൽ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50-60 പേർക്ക് മാത്രമേ കയറാൻ സാധിക്കുന്നുള്ളൂ. അതിനുവരുന്ന താമസമാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് നിലക്കൽവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലെത്തേണ്ടി വരുന്നത്. അമിത ചാർജ് വാങ്ങി ഭക്തജനങ്ങളെ കുത്തിനിറച്ചാണ് ബസുകൾ സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവവും നിലക്കലിൽ തിരക്ക് വർധിക്കാൻ കാരണമാണ്. ചെറുവാഹനങ്ങൾക്ക് പമ്പയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താൽ നിലക്കലിൽ ഉൾപ്പെടെ തിരക്ക് ഒഴിവാക്കാൻ സാധിക്കും.
കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചാൽ ഭക്തജനങ്ങൾ അനുഭവിക്കുന്ന കഷ്‌ടപ്പാടുകൾക്ക് പരിഹാരം കാണാം. അതിനാവശ്യമായ നടപടിയാണ് വേണ്ടതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.