ശബരിമല വിഷയം കത്തിക്കാൻ അയ്യപ്പസംഗമങ്ങളുമായി സംഘപരിവാർ
text_fieldsനെടുമ്പാശേരി: ശബരിമല വികാരം വീണ്ടും കത്തിക്കാൻ ഹിന്ദു ഐക്യവേദി രംഗത്ത്. ഇതിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ അയ്യപ്പ ഭക്ത സംഗമങ്ങൾ സംഘടിപ്പിക്കും. സംഘപരിവാർ പ്രവർത്തകർ മാത്രമായി സദസ് പരിമിതപ്പെടരുതെന്നാണ് കർശന നിർദേശം. എൻ.എസ്.എസ്, എസ്.എൻ.ഡി പി തുടങ്ങിയവയുടെ പ്രാദേശിക നേതൃത്വങ്ങൾക്ക് വേദിയിലിടം നൽകണമെന്നും നിർദേശമുണ്ട്. ശശികല ടീച്ചറെയാണ് മിക്ക സ്ഥലങ്ങളിലും മുഖ്യപ്രഭാഷകയായി അവതരിപ്പിക്കുന്നത്.
കോടതി വിധി എന്തായാലും അയ്യപ്പഭക്തർക്കനുകൂലമായ നടപടിക്കായി നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ച നടത്തി വിശ്വാസം സംരക്ഷിക്കുമെന്ന് എൽ.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് വിശ്വാസികളെ കയ്യിലെടുക്കാൻ ഹിന്ദു ഐക്യ വേദി അയ്യപ്പ സംഗമമൊരുക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനം നടന്നപ്പോൾ അതിനെ ന്യായീകരിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോയും സൈബർ ഇടങ്ങളിൽ ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാടാണ് ആര്‍.എസ്.എസ് കേന്ദ്രനേതൃത്വം പ്രകടിപ്പിച്ചിരുന്നത്. ഇക്കാര്യം പലതവണ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്നാണ് മുതിർന്ന ആര്‍.എസ്.എസ് നേതാവായ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടത്. 'ഒരു ആചാരം തെറ്റാണെന്നു തോന്നിയാല്‍ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആര്‍.എസ്.എസിന് സ്വീകാര്യമല്ല'' -എന്നാണ് ഭയ്യാജി ജോഷി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.