ശബരിമല: സര്‍ക്കാരും ദേവസ്വംബോര്‍ഡും സമഗ്ര പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ തിരക്കുമൂലം ദര്‍ശനം നടത്താനാവാതെ മടങ്ങിയെന്നത് ഗൗരവതരമാണെന്നും ക്ലേശരഹിതമായ ദര്‍ശനത്തിന് സര്‍ക്കാരും ദേവസ്വംബോര്‍ഡും സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നുംഎസ്.ഡി.പി.ഐ. പെട്ടെന്നുണ്ടായ തിരക്ക് നിയന്ത്രിക്കാനാവാതിരുന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
ഭാവിയില്‍ ഇത്തരം പ്രതിന്ധികള്‍ ഉണ്ടാകാത്ത വിധം പരിഹാര നടപടികള്‍ സ്വീകരിക്കണം. ഭൗതീകസാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തി മാത്രമേ ഭക്തര്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കാവൂ. നടപ്പുസീസണില്‍ എരുമേലിയില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് ഭക്തര്‍ക്കും തദ്ദേശവാസികള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴിയോ സ്‌പോട്ട് ബുക്കിങ് വഴിയോ ബുക്ക് ചെയ്യാത്ത ആരെയും പമ്പയില്‍നിന്ന് കടത്തിവിടരുതെന്ന കോടതി നിർദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.
നിലയ്ക്കലിലെ 17 പാര്‍ക്കിങ് സ്ലോട്ടുകളിലും പരമാവധി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നുവെന്ന് ഉറപ്പാക്കാനും അതനുസരിച്ച് മാത്രം വാഹനങ്ങള്‍ അവിടെയെത്തുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ചുമതലയുള്ളവര്‍ ശ്രദ്ധിക്കണം. റെവന്യൂ, ദേവസ്വം, പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനം ഫലപ്രദമായി നടപ്പാക്കണം.
ദര്‍ശനത്തിനായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നാല്‍ കുടിവെള്ളവും ലഘുഭക്ഷണവും നല്‍കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ശബരിമല വിഷയം ഊതിവീര്‍പ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഹീനശ്രമങ്ങളെ ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.