ആസൂത്രിത നീക്കങ്ങളുടെ ഫലപ്രാപ്തി
text_fieldsനിലക്കൽ: യുവതീ പ്രവേശനം തടയുന്നതിനെന്നപേരിൽ ബുധനാഴ്ച നിലക്കലും പമ്പയിലും നടന്നത് സംഘ്പരിവാറിെൻറ ആസൂത്രിത നീക്കമായിരുന്നു. ഒളിപ്പോരാളികളെ നിയോഗിക്കുംപോലെ നിർദേശങ്ങൾ നൽകി പ്രവർത്തകരെ ഗ്രൂപ്പുകളായി ഒാരോയിടത്തും കാവലിന് നിയോഗിക്കുന്നത് നിലക്കലിൽ കാണാമായിരുന്നു. ആർ.എസ്.എസിനൊപ്പം ശിവസേന പ്രവർത്തകരും ഇൗവിധം നിയോഗിക്കപ്പെട്ടു. നേതാക്കൾ നൽകിയ നിർദേശം അനുസരിച്ചാണ് വ്യാപക അക്രമം നടന്നതെന്നും വ്യക്തം. അതിനാലാണ് ഒരേസമയം പലയിടങ്ങളിലായി അക്രമം അരങ്ങേറിയത്.
ബുധനാഴ്ച പുലർച്ച മുതൽ നാമജപ ധർണകളും പ്രതിഷേധ ഘോഷയാത്രകളും വാഹനങ്ങൾ തടയലും അടിപിടികളും ലാത്തിച്ചാർജും അറസ്റ്റും എല്ലാം ചേർന്ന് നിലക്കലും പമ്പാതടവും സംഘർഷഭരിതമായിരുന്നു. കറുപ്പും കാവിയും വസ്ത്രങ്ങളണിഞ്ഞ് യുവാക്കളുടെ വൻസംഘമാണ് രണ്ടിടത്തും എത്തിയത്. സന്നിധാനത്തേക്കുള്ള പാതകളിലും ചാവേറുകളെപ്പോലെ ഇവർ നിലയുറപ്പിച്ചു. ഇവരിൽ തീർഥാടകനാര്, സമരക്കാരനാര് എന്ന് തിരിച്ചറിയാനാകുമായിരുന്നില്ല.
ഇരുമുടിക്കെട്ടുമായും യുവാക്കളെത്തി. ഇവർ അസഭ്യം പറയാനും ആക്രമിക്കാനും തുടങ്ങിയതോടെയാണ് ഭക്തരല്ല സമരക്കാരാണെന്ന് വ്യക്തമായത്. നിലക്കലിൽ നാമജപ പ്രാർഥനയജ്ഞം നടത്തിയവർ വാഹനങ്ങൾ തടയുകയും തീർഥാടകരെ മർദിക്കുകയും ചെയ്തതോടെ രാവിലെ ലാത്തിച്ചാർജ് നടത്തി സമരക്കാരെ പിരിച്ചുവിട്ടു. 10 മണിയോടെ കൂടുതൽപേർ സംഘടിച്ചെത്തി പ്രാർഥനയജ്ഞമെന്ന സമരം പുനരാരംഭിച്ചു. ഒപ്പം വാഹനപരിശോധനയും.
സ്ത്രീകൾ ഉണ്ടെന്ന് കണ്ടെത്തിയ നാലു കാറുകൾ തല്ലിത്തകർത്തു. ഇവയിൽ മൂന്നെണ്ണവും മാധ്യമപ്രവർത്തകരുടേതായിരുന്നു. സമരക്കാരുടെ ഭാഗം മാധ്യമങ്ങൾ നൽകുന്നില്ല, വനിത റിപ്പോർട്ടർമാർ ഏതുവിധേനയും സന്നിധാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നു എന്നീ ആരോപണങ്ങളുമായാണ് മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ തുടങ്ങിയത്. ഇത്തരം ഒരുധാരണ അണികളിൽ പരത്തിയതും ആക്രമണത്തിന് നിർദേശം നൽകിയതും നേതാക്കളായിരുന്നു. പൊലീസിനെ പരമാവധി പ്രകോപിപ്പിക്കാനും സമരക്കാർ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആക്രമണങ്ങൾ തടയാൻ പൊലീസിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും അവർ സംയമനം പാലിച്ചതിനാൽ വലിയ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ ൈവകുവോളം സ്ഥിതി തുടർന്നു. എപ്പോൾ വേണമെങ്കിലും വലിയ സംഘർഷം രൂപപ്പെടാമെന്ന നിലയിൽ പിരിമുറുക്കത്തിലായ അന്തരീക്ഷമായിരുന്നു നിലക്കലിലാകെ. ചെറുതും വലുതുമായ അടിപടികൾ അവിടവിടെ നടക്കുന്നുണ്ടായിരുന്നു.
ചിത്രങ്ങൾ പകർത്താൻ ആരുശ്രമിച്ചാലും മർദനം ഉറപ്പായിരുന്നു. കാവിവേഷധാരിയാണെങ്കിൽ ചിത്രങ്ങൾ പകർത്തിയാലും തല്ലുകൊള്ളില്ല. നിലക്കലെ ഉപരോധം മറികടന്ന് പമ്പയിലെത്തിയ ആർട്സ് ചാനൽ ലേഖിക ഫാത്തിമയെ സമരക്കാർ മർദിച്ചു. ഇവരെ പൊലീസ് രക്ഷപ്പെടുത്തി നിലക്കലിൽ കൊണ്ടുവന്ന പൊലീസ് വാനിന് നേരെയും കല്ലേറ് നടന്നു.
വാഹനങ്ങളിൽ സ്ത്രീകൾ ഉണ്ടെന്നുകണ്ടാൽ സമരക്കാർ അപ്പോൾതന്നെ വാഹനം തല്ലിത്തകർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പമ്പയിൽ രാവിലെ 10മണിയോടെ തന്ത്രി, പന്തളം രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രാഥനയജ്ഞത്തിൽ പങ്കെടുത്തവരെ 11.30ഒടെ അറസ്റ്റ് ചെയ്തു നീക്കി. അന്തരിച്ച തന്ത്രി കണ്ഠരര് മഹേശ്വരുടെ പത്നി ദേവകി അന്തർജനം അടക്കം വൃദ്ധകളായ രണ്ടുപേരെ സഹിതമാണ് അറസ്റ്റ് ചെയ്തത്. പമ്പയിൽ പന്തളം കൊട്ടാരത്തിനായി അനുവദിച്ച കെട്ടിടത്തിനു മുന്നിലായിരുന്നു പ്രാർഥനയജ്ഞം.
ഇതിൽ പെങ്കടുത്ത ദേവസ്വംബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റോടെ പമ്പയും സംഘർഷാവസ്ഥയിലായി. നിലക്കലിൽനിന്ന് കൂടുതൽപേർ പമ്പയിലേക്ക് എത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ അതേസ്ഥലത്ത് നമാജപയജ്ഞം തുടങ്ങി. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരാണ് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്തവരിൽ തന്ത്രി കുടുംബത്തിലെ വൃദ്ധകളെ വിട്ടയച്ചത് അറിഞ്ഞതോടെ ഉച്ചക്ക് 12.30ഓടെ ബി.ജെ.പി സമരം അവസാനിപ്പിച്ചു. സ്ത്രീകൾ സന്നിധാനത്തേക്ക് പോകാതിരിക്കാൻ ഭക്തവേഷമണിഞ്ഞ യുവാക്കൾ വഴിനീളെ നിൽക്കുന്നുണ്ടായിരുന്നു. വൈകീട്ട് മൂന്നുമണിയോടെ സമരക്കാർ കുടുതൽ പ്രകോപനങ്ങൾക്ക് മുതിർന്നതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.