ശബരിമലയിൽ മിഥുനമാസ ഉൽസവമില്ല; തന്ത്രിയുടെ നിർദേശം അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: മിഥുന മാസപൂജക്കായി നടതുറക്കുന്നതിനോട് അനുബന്ധിച്ച് ശബരിമല ക്ഷേത്രത്തിൽ ഉൽസവം നടത്തേണ്ടെന്ന തന്ത്രിയുടെ നിർദേശം സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും അംഗീകരിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തന്ത്രി മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ. വാസു എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിന്‍റേതാണ് തീരുമാനം.
വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വൻ ജനപങ്കാളിത്തിന് സാധ്യതയുള്ള മിഥുനമാസത്തിലെ ഉൽസവം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്.
ശബരിമല ക്ഷേത്രം തുറക്കാൻ ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പിയും ഇക്കാര്യം ആവശ്യപ്പെട്ടതായും കടകംപള്ളി പറഞ്ഞു.
ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് മത നേതാക്കളുമായി ചർച്ച നടത്തി. തന്ത്രിയുടെ നിർദേശം സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
മഹാമാരിയുടെ സമയത്ത് ഉൽസവം മാറ്റുന്നതിൽ പ്രശ്നമില്ലെന്ന് തന്ത്രി മഹേഷ് മോഹനരും വ്യക്തമാക്കി. സർക്കാറുമായോ ദേവസ്വം ബോർഡുമായോ പ്രശ്നങ്ങളില്ലെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രിയും ബി.ജെ.പിയും 14ന് തന്നെ തുറക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് സ്വീകരിച്ചതോടെയാണ് വാക്കുതർക്കത്തിന് വഴിവെച്ചത്. മിഥുനമാസ പൂജക്കായി 14ന് നട തുറക്കാനിരിക്കെയാണ് ഉത്സവം മാറ്റിവെക്കണമെന്നത് ഉൾപ്പെടെ ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമീഷണർക്ക് കത്ത് നൽകിയത്.
തന്ത്രിമാരോട് ചർച്ച ചെയ്താണ് ക്ഷേത്രം തുറക്കുന്ന തീരുമാനമെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എൻ. വാസു പ്രതികരിച്ചത്. കോവിഡ് ഭീതി ഉള്ളതിനാൽ ഭക്തർക്ക് പ്രവേശനം നൽകുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിെവക്കുന്നതാണ് നല്ലതെന്നും തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ പറയുന്നു.
കത്ത് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും പറഞ്ഞത്. ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുമായി ദേവസ്വം പ്രസിഡന്‍റ് പല തവണ ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇൗ മാസം 14ന് ശബരിമല നട തുറക്കുമെന്നും ഭക്തരെ പ്രവേശിപ്പിക്കുകയെന്നത് േദവസ്വം ബോർഡിെൻറ ഭരണപരമായ കാര്യമാണെന്നും എൻ. വാസു ചൂണ്ടിക്കാട്ടിയിരുന്നു.
അനിശ്ചിതത്വം തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ട് തുടങ്ങുമെന്ന് പ്രഖ്യാപിച്ച വെർച്വൽ ക്യു ബുക്കിങ് തുടങ്ങിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.