മണ്ഡലകാലത്തിന് തുടക്കം; ശബരിമലയിൽ ഇന്ന് നട തുറക്കും
text_fieldsശബരിമല: ആളും ആരവവുമില്ലെങ്കിലും ശരണവഴികൾ വീണ്ടും ഉണരുന്നു. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമലയിൽ ഞായറാഴ്ച നടതുറക്കും. ഇനി 65 നാൾ പമ്പയും സന്നിധാനവും ശരണാരവങ്ങളാൽ മുഖരിതമാവും.
വൃശ്ചികം ഒന്നായ തിങ്കളാഴ്ചയാണ് മണ്ഡലകാലത്തിന് തുടക്കമാവുന്നത്. കോവിഡ് നിയന്ത്രണങ്ങളാൽ നാട്ടുവഴികളിലാകെ ശരണമന്ത്രങ്ങൾ മുഴങ്ങുന്ന പതിവ് ഇക്കുറി ഉണ്ടാകില്ല. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തിങ്കളാഴ്ച മുതൽ ദർശനം അനുവദിക്കും.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് ആഴിയിലേക്ക് അഗ്നിപകരും. ഞായറാഴ്ച വിശേഷാൽ പൂജകൾ ഉണ്ടാവില്ല. തിങ്കളാഴ്ച പുലർച്ച മുതൽ ഭക്തരെ മലകയറാൻ അനുവദിക്കും. 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിന് ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
കർശന നിയന്ത്രണത്തിലായതിനാൽ ഇക്കുറി വൻ ഒരുക്കമുണ്ടായിട്ടില്ല. ക്ഷേത്രത്തിലെ പ്രസാദങ്ങളായ അപ്പവും അരവണയും ഉൽപാദനം നാമമാത്രമാണ്. 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് ബുക്ക് ചെയ്തവർ ദർശനത്തിന് എത്തേണ്ടത്. പമ്പയിലും സന്നിധാനത്തും ആെരയും തങ്ങാൻ അനുവദിക്കില്ല. നിലക്കലിൽ പായവിരിച്ച് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 പേർക്കാണ് പ്രതിദിനം ദർശനം. ശനിയും ഞായറും 2000 പേർക്ക് ദർശനാനുമതിയുണ്ട്.
വാഹന പാർക്കിങ് നിലക്കലിൽ മാത്രമെ അനുവദിക്കൂ. പമ്പയിൽ ആളെ ഇറക്കി നിലക്കലിലെത്തി പാർക്ക് ചെയ്യണം. നിലക്കൽ പമ്പ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ക്രമീകരിച്ചിട്ടുണ്ട്.
പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഇന്ന്
ശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഞായറാഴ്ച നടക്കും. മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നശേഷം ആേറാടെയാണ് സ്ഥാനാരോഹണ ചടങ്ങ്. ശബരിമല മേൽശാന്തിയായി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തിയായി എം.എൻ. രജികുമാറിനെയുമാണ് അവരോധിക്കുക.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവരുന്ന മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി കൈപിടിച്ച് ശ്രീകോവിലിനുമുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠരര് രാജീവര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ അഭിഷേകം നടത്തി അവരോധിക്കും. ഒരുവർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി ഞായറാഴ്ച രാത്രി പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.