ശബരിമല നട 14ന് തുറക്കും; ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 600 പേർക്ക് ദർശനം
text_fieldsതിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട്. വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേർക്കാണ് വെർച്വൽ ക്യൂ വഴി പ്രവേശനം. രാവിലെ നാലുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് നാലുമുതൽ രാത്രി 11 വരെയും ദർശനം അനുവദിക്കും.
50 പേരെ മാത്രമേ ഒരേസമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കൂ. 10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിങ് ഉണ്ടാകും. ഭക്തർ നിർബന്ധമായും മാസ്ക് ധരിക്കണം. വി.ഐ.പി ദർശനം ഉണ്ടാകില്ല. താമസസൗകര്യവുമുണ്ടാകില്ല.
ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഭക്തർ ശബരിമല ദർശനത്തിന് കേരളത്തിലേക്ക് വരാൻ ‘കോവിഡ് -19 ജാഗ്രത’ പോർട്ടൽ വഴി പാസിന് രജിസ്റ്റർ ചെയ്യണം. അംഗീകൃത ലാബിെൻറ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 600 പേർക്ക് ദർശനം
തൃശൂർ: ഭക്തർക്ക് ദർശനത്തിന് ചൊവ്വാഴ്ച മുതൽ വെർച്വൽ ക്യൂ സംവിധാനം ഒരുക്കി ഗുരുവായൂർ ക്ഷേത്രം. ലോക്ഡൗൺ ഇളവുകൾ നിലവിൽവന്ന സാഹചര്യത്തിലാണ് തീരുമാനം.
മുൻകൂട്ടി ഓൺലൈൻ ബുക്കിങ് നടത്തിയ 600 പേർക്കാണ് ഒരു ദിവസം പ്രവേശനം. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നര വരെയാണ് ദർശനം. ഗുരുവായൂർ ദേവസ്വം വെബ്സൈറ്റായ www.guruvayurdewaswom.com മുഖേന ലഭിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി സൗജന്യ ഓൺലൈൻ ദർശനം ബുക്ക് ചെയ്യാം. ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യു ആർ കോഡ് അടങ്ങിയ ടോക്കൺ ഇ-മെയിലിൽ ലഭിക്കും.
ടോക്കൺ നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുമ്പ് കിഴക്കേനടയിലെ ക്യു കോംപ്ലക്സിൽ റിപ്പോർട്ട് ചെയ്യണം.
ചെരിപ്പ്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവ ക്ഷേത്രപരിസരത്ത് കൊണ്ടുവരാൻ പാടില്ല. ദേവസ്വം വെബ്സൈറ്റ് വഴിയാണ് വഴിപാടുകളും ഭണ്ഡാരത്തിൽ നിക്ഷേപവും നടത്താൻ സൗകര്യം.
പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല –ക്ലീമിസ് കാതോലിക്ക ബാവ
തിരുവനന്തപുരം: ദേവാലയങ്ങളില്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയെല്ലന്ന് മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ആരാധനാലയം എല്ലാ വിശ്വാസികൾക്കും പ്രാപ്യമാക്കണം. വിശുദ്ധ കുര്‍ബാന കൈക്കൊള്ളാന്‍ പ്രായമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താം. ദൈവാരാധന ഒരു വിശ്വാസിക്ക് മാറ്റിവെക്കാനാകില്ല. അതിനാൽ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തത് ശരിയല്ല. കോവിഡ് നിയന്ത്രണങ്ങള്‍ വിശ്വാസികള്‍ കര്‍ശനമായി പാലിച്ചു. ദേവാലയങ്ങളില്‍ വിശ്വാസികൾക്ക് നൽകുന്ന അനിവാര്യ ശുശ്രൂഷകള്‍പോലും ഒഴിവാക്കി. വി. കുര്‍ബാന നാവിന് പകരം കൈയിൽ നല്കി. സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ബാവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.