ശബരിമല: മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമടക്കം പ്രത്യേക ക്യൂ വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തീർഥാടകരായ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രോഗികൾക്കും നടപ്പന്തൽ മുതൽ സന്നിധാനം വരെ പ്രത്യേക ക്യൂ വേണമെന്ന് ഹൈകോടതി. ഇത്തരം ക്യൂ വഴി ദർശനം കഴിഞ്ഞ് എത്തുന്നവർ നിൽക്കേണ്ടത് എവിടെയെന്നത് സംബന്ധിച്ച വിവരം തീർഥാടകരെ അറിയിക്കണം. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പൊലീസിന്റെ പ്രത്യേകശ്രദ്ധ വേണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പത്തനംതിട്ട ജില്ല കലക്ടറും പൊലീസ് മേധാവിയും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പതിനെട്ടാംപടിയിലൂടെ മണിക്കൂറിൽ 4,800 തീർഥാടകർ കയറുന്നുവെന്ന് ഉറപ്പാക്കണം. ശരംകുത്തിയിൽ തീർഥാടകർക്ക് മതിയായ സൗകര്യം ഉറപ്പാക്കണം. ആഴ്ചയിൽ രണ്ടുതവണ ഡെവലപ്മെന്റ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന നടത്തണം. ചുക്കുവെള്ളവും ബിസ്കറ്റും ഉറപ്പാക്കണം.
നിലക്കൽ -പമ്പ സർവിസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ ഉപയോഗിക്കാവൂ. ബസിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കണം. സന്നിധാനത്തും പമ്പയിലും നിലക്കലും ആവശ്യമായ പൊലീസ് സേന അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കണക്കും കോടതി നിർദേശിച്ചു. നിലക്കലിലെ വാഹന പാർക്കിങ് സംബന്ധിച്ച് ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ട് തേടി. വാഹന പാർക്കിങ് സംബന്ധിച്ച കരാറിന്‍റെ പകർപ്പ് കോടതി നിർദേശത്തെ തുടർന്ന് സ്പെഷൽ കമീഷണർക്ക് ദേവസ്വം കൈമാറി. നിലക്കലിലെ 16 കേന്ദ്രങ്ങളിലായി 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്.
വിവിധ സ്ഥലങ്ങളിൽനിന്ന് പമ്പയിലേക്കുള്ള സ്പെഷൽ, റെഗുലർ സർവിസുകളുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി നൽകി. ശൗചാലയ സൗകര്യങ്ങളടക്കമുള്ള ശരംകുത്തിയിലെ ക്യൂ കോംപ്ലക്സിൽ ഒരേസമയം 4000 തീർഥാടകരെ ഉൾക്കൊള്ളാനാവുമെന്നും വിവരങ്ങൾ അറിയിക്കാൻ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു. തുടർന്ന് ഹരജി വീണ്ടും ശനിയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.