ശബരിമല: എൻ.എസ്.എസിന് അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് കാനം
text_fieldsകോഴിക്കോട്: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ.എസ്.എസിന് അവരുടേതായ രാഷ്ട്രീയമുണ്ടെന്നും അതാണ് അവർ പ്രകടിപ്പിക്കുന്നതെന്നും കാനം പറഞ്ഞു.
എൻ.എസ്.എസ് പേരെടുത്ത് വിമർശിച്ചത് തന്നോട് സ്നേഹമുള്ളത് കൊണ്ടാണ്. എല്ലാ മതവിശ്വാസികൾക്കും ആരാധന നടത്താനുള്ള സൗകര്യം ഉണ്ടാകണം. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
വിമോചന സമരത്തിന് ശേഷം കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനപിന്തുണ കൂടി. 1957ന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി.
എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തെ കഴിഞ്ഞ ദിവസം ജി. സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചിരുന്നു. എൻ.എസ്.എസിനെയോ അതിന്‍റെ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഡസ്വർഗത്തിലാണെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.
എൻ.എസ്.എസിന് സർക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിലൊരു അഭിപ്രായം ഉയരുന്നുണ്ടെന്നും അത് സുകുമാരൻ നായർ മനസിലാക്കുന്നത് നല്ലതാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന. സംസ്ഥാന സർക്കാറിനെതിരെ എൻ.എസ്.എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സുകുമാരൻ നായർ ഇന്ന് വാർത്താ കുറിപ്പ് പുറത്തിറക്കിയത്.
സംസ്ഥാന സർക്കാറിനോട് എൻ.എസ്.എസ് ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങളാണെന്ന് സുകുമാരൻ നായർ വാർത്താകുറിപ്പിൽ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് വേണം, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, മന്നത്തുപത്മനാഭെന്റ ജന്മദിനത്തിലെ പൊതു അവധി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽ കൂടി ഉൾപ്പെടുത്തണം എന്നിവയായിരുന്നു അവ.
അതിൽ ശബരിമലയിലെ യുവതിപ്രവേശന വിഷയം ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന് ജനങ്ങൾക്കറിയാം. സാമ്പത്തിക സംവരണത്തിന്‍റെ പ്രയോജനം മുന്നാക്ക വിഭാഗത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തി അവധി സംബന്ധിച്ച എൻ.എസ്.എസിന്‍റെ ആവശ്യം നിസാരമായി കണ്ട് സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.
സർക്കാറിന്‍റെ പ്രവർത്തനങ്ങെള സംബന്ധിച്ച് എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും രാഷ്്ട്രീയമായി എൻ.എസ്.എസ് ഇപ്പോഴും സമദൂരത്തിൽ തന്നെയാണെന്നും സുകുമാരൻ നായർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.