സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ
text_fieldsനിലക്കൽ: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിലക്കലിലെത്തി. ബേസ് ക്യാമ്പിലെ സൗകര്യങ്ങളെയും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെയും കുറിച്ച് സുരക്ഷാ ചുമതലയുള്ള എസ്.പി യതീശ് ചന്ദ്രയോട് പൊൻ രാധാകൃഷ്ണൻ ചോദിച്ചറിഞ്ഞു. സ്വകാര്യ വാഹനങ്ങൾ പോയാൽ ഗതാഗത തടസമുണ്ടാകുമെന്ന് എസ്.പി പറഞ്ഞു. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാം. തങ്കൾ ഉത്തരവാദിത്തം ഏറ്റെടുക്കാമോയെന്നും യതീശ് ചന്ദ്ര ചോദിച്ചു.
കൂടാതെ, പമ്പയിലേക്കുള്ള റോഡിനെ കുറിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറോട് കേന്ദ്രമന്ത്രി വിവരങ്ങൾ തേടി. സ്വകാര്യ വാഹനങ്ങൾ പമ്പയിൽ പോകുന്നതിന് കുഴപ്പമില്ല. പമ്പയിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കില്ലെന്നും തീർഥാടകരെ ഇറക്കിയ ശേഷം തിരികെ വരണമെന്നും ഡ്രൈവർ പറഞ്ഞു.
സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാത്തത് ശരിയല്ലെന്ന് പൊൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നിയന്ത്രണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അയൽ സംസ്ഥാനത്ത് നിന്നുള്ള തീർഥാടകർ കെ.എസ്.ആർ.ടി.സി ബസുകൾ ബുക്ക് ചെയ്ത് വരേണ്ട സ്ഥിതിയാണുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്രമന്ത്രിയോട് ശബ്ദമുയർത്തി സംസാരിച്ചെന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്ന ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ യതീശ് ചന്ദ്രയോട് കയർത്തു. നിങ്ങൾ എന്തിനാണ് മന്ത്രിയോട് ചൂടാവുന്നതെന്ന് രാധാകൃഷ്ണൻ ചോദിച്ചു. മുഖത്ത് നോക്കി പേടിപ്പിക്കുകയാണോ? ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല യുവതീ പ്രവേശനത്തെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങൾ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിലക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കേന്ദ്രമന്ത്രിയും എ.എൻ രാധാകൃഷ്ണനും പമ്പയിലേക്ക് പുറപ്പെട്ടത്. നാഗർകോവിലിലെ ക്ഷേത്രത്തിൽ നിന്ന് ഇരുമുടികെട്ട് നിറച്ചാണ് ശബരിമല ദർശനത്തിന് കേന്ദ്രമന്ത്രി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.