സന്നിധാനത്ത് ആശ്വാസം; ദുരിതകേന്ദ്രമായി പമ്പയും ഇടത്താവളങ്ങളും
text_fieldsപത്തനംതിട്ട: നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ശബരിമല സന്നിധാനത്ത് തിരക്ക് കുറഞ്ഞപ്പോൾ പമ്പയിൽ തടഞ്ഞുവെച്ച തീർഥാടകർക്ക് കടുത്ത ദുരിതം. ചുട്ടുപൊള്ളുന്ന വെയിലിൽ സൂചികുത്താൻ പോലും ഇടമില്ലാത്ത സ്ഥലത്ത് മണിക്കൂറുകൾ കാത്തുനിന്ന് കുട്ടികളും വൃദ്ധരും അടക്കമുള്ള അയ്യപ്പഭക്തർ. പ്രധാന ഇടത്താവളമായ നിലക്കലും സമാന അവസ്ഥയാണ്. ഏതാനും ദിവസമായി നിലക്കലിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് ബുധനാഴ്ച പുലർച്ച മുതൽ പമ്പയിൽ വൻ തിരക്ക് അനുഭവപ്പെട്ടത്.
പമ്പാ മണപ്പുറവും ത്രിവേണി തീരവും തീർഥാടകരാൽ തിങ്ങിനിറഞ്ഞു. ഇതോടെ പിഞ്ചുകുട്ടികൾ അടങ്ങുന്ന പതിനായിരക്കണക്കിന് തീർഥാടകരാണ് മല ചവിട്ടുന്നതിനായുള്ള ഊഴംകാത്ത് പൊരിയുന്ന വെയിലിൽ മണിക്കൂറുകൾ കാത്തുനിന്നത്. തീർഥാടകർക്ക് മഴയും വെയിലും ഏൽക്കാതെ ക്യൂ നിൽക്കാൻ പാകത്തിൽ പമ്പാ തീരത്ത് നാമമാത്രമായ നടപ്പന്തലുകൾ മാത്രമാണുള്ളത്. പമ്പാ തീരത്ത് വിശാലമായ നടപ്പന്തൽ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തീർഥാടന ടൂറിസം പദ്ധതിയിൽ മൂന്നുവർഷം മുമ്പ് പണം അനുവദിച്ചിരുന്നതാണ്. എന്നാൽ, ഇനിയും അത് പൂർത്തിയാകാത്തതാണ് തീർഥാടകരുടെ ദുരിതം വർധിപ്പിക്കുന്നത്.
തീർഥാടകരുടെ തുടർച്ചയായ പ്രതിഷേധം മൂലമാണ് നിലക്കലിലെ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് നൽകിയത്. ഇതോടെ ദുരിത കേന്ദ്രമായി പമ്പാ മാറുകയായിരുന്നു. തീർഥാടകരെ തടഞ്ഞുവെക്കുന്ന സ്ഥലങ്ങളിലെല്ലാം കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകേണ്ടതാണ്. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് പൊലീസിന്‍റെ നടപടി. തടയൽ അല്ലാതെ മറ്റ് മാർഗങ്ങളൊന്നും തങ്ങൾക്ക് മുന്നിൽ ഇല്ലെന്ന് പൊലീസ് പറയുമ്പോൾ, തടഞ്ഞുനിർത്തുന്നവരുടെ ദുരിതം പരിഹരിക്കാൻ ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.