ശബരിമല: വാഹനങ്ങൾ മണിക്കൂറുകൾ തടഞ്ഞിട്ടു
text_fieldsശബരിമല: പമ്പയും സന്നിധാനവും തീർഥാടകരാൽ നിറഞ്ഞതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകൾ റോഡിൽ പിടിച്ചിടുന്നത് തീർഥാടകരെ ദുരിതത്തിലാക്കുന്നു.
പത്തനംതിട്ടയിൽനിന്ന് വരുന്ന വാഹനങ്ങൾ ളാഹ മുതലും എരുമേലിയിൽനിന്നുള്ള വാഹനങ്ങൾ കണമല മുതലുമാണ് അപ്രതീക്ഷിതമായി ഏറെനേരം പിടിച്ചിടുന്നത്. തിരക്ക് വർധിച്ചതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള തീർഥാടക വാഹനങ്ങൾ അഞ്ചുമണിക്കൂറിലധികം പിടിച്ചിടുന്ന സ്ഥിതിയാണുള്ളത്. ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്നതിനാൽ തീർഥാടകരിൽ ഭൂരിഭാഗവും കുപ്പിവെള്ളംപോലും കരുതാതെയാണ് എത്തുന്നത്.
ഇക്കാരണത്താൽ കൊടുങ്കാടിന് മധ്യത്തിൽ പിടിച്ചിടുന്ന വാഹനങ്ങളിൽ അകപ്പെടുന്ന കുട്ടികൾ ഉൾപ്പെടെയുള്ള തീർഥാടകർക്ക് ദാഹജലംപോലും ലഭിക്കാത്ത അവസ്ഥയാണ്. ഇത്തരം ഭാഗങ്ങളിൽ ഭക്തർക്ക് ആവശ്യമായ കുടിവെള്ളവും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാൻ അയ്യപ്പ സേവാസംഘവും അയ്യപ്പ സേവാസമാജവും അടക്കമുള്ള ഭക്തജന സംഘടനകൾ തയാറാണെങ്കിലും ഇതിന് ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുമില്ല. ഇലവുങ്കൽ മുതൽ നിലക്കൽ വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഭക്തർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ദുരിതകാരണം വകുപ്പുകളുടെ ഏകോപനമില്ലായ്മ
ശബരിമല: ശബരിമലയില്‍ ഇക്കുറി തിരക്ക് നിയന്ത്രണാതീതമാകാൻ ഇടയാക്കിയത് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ.വെര്‍ച്വല്‍ ക്യൂ സംവിധാനം ഇല്ലാതിരുന്ന തീർഥാടന കാലങ്ങളിൽ മല കയറി എത്തിയിരുന്ന ലക്ഷക്കണക്കിന് ഭക്തരെ ദർശനം പൂർത്തിയാക്കി തിരികെ പമ്പയിലേക്ക് അയക്കുന്നതിൽ കാര്യമായ പാളിച്ചകൾ സംഭവിച്ചിരുന്നില്ല. എന്നാല്‍, വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കിയതോടെ ഓരോ ദിവസവും ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരുടെ കൃത്യമായ കണക്കുകൾ അധികൃതർക്ക് ലഭ്യമാകും. എന്നിട്ടും ദർശനം പൂർത്തിയാക്കി തീർഥാടകർക്ക് മലയിറങ്ങാനാകാത്തത് ഏകോപനത്തിലെ പാളിച്ചയാണ്. തീര്‍ഥാടകരുടെ ബുദ്ധിമുട്ട് സംബന്ധിച്ച വിഷയത്തില്‍ ഹൈകോടതിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടും ദേവസ്വം മന്ത്രിയോ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ, ദേവസ്വം സെക്രട്ടറി അടക്കം വകുപ്പ് മേധാവികളോ പ്രശ്നപരിഹാരത്തിന് സന്നിധാനത്ത് എത്തുകയോ, വകുപ്പുകളുടെ ഏകോപനത്തിനുവേണ്ട ശ്രമം നടത്തുകയോ ചെയ്യുന്നില്ല. എല്ലാം ഭദ്രമെന്ന് പറയുന്ന ദേവസ്വം ബോര്‍ഡ് ഭരണാധികാരികളെയും സന്നിധാനത്ത് കാണാനില്ല. മണ്ഡല - മകരവിളക്ക് തീർഥാടന കാലയളവിൽ വിവിധ വകുപ്പ്മന്ത്രിമാരുടെയും വകുപ്പ് മേധാവികളുടെയും ഏകോപന യോഗങ്ങൾ തിരുവനന്തപുരത്തും വകുപ്പുതല ഉദ്യോഗസ്ഥരുടെ ഏകോപന യോഗങ്ങൾ സന്നിധാനത്തും മുൻവർഷത്തിൽ ഉൾപ്പെടെ സമയബന്ധിതമായി നടത്തിയിരുന്നു. എന്നാൽ, ഇക്കുറി അതൊന്നുമുണ്ടായില്ല. ഇതും ശബരിമലയിലെ നിയന്ത്രണങ്ങൾ പാളാനും തീർഥാടക ദുരിതം ഇരട്ടിയാവാനും കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.