തീപ്പൊരിയും പിപ്പിരിയും കാണിച്ചാൽ ചൂളിപ്പോകുന്ന സർക്കാറല്ല ഇത് -മുഖ്യമന്ത്രി
text_fieldsകോട്ടയം: ശബരിമലയിൽ ആരേയും ക്യാമ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പ ദർശനത്തിന് ലക്ഷക്കണക്കിന് ആളുകൾ വരുമ്പോൾ ചില ക്രമീകരണങ്ങൾ നടത്തേണ്ടി വരും. എന്നാൽ അവിടെ ക്യാമ്പ് ചെയ്യുന്നത് അവകാശമാണെന്ന് വാദത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ എൽ.ഡി.എഫിെൻറ രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
സന്നിധാനത്തിെൻറ പവിത്രത കാത്ത് സൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ചോര വീഴ്ത്താൻ സംഘങ്ങളെ തയ്യാറാക്കി നിർത്തിയത് ശബരിമലയെ തകർക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ്. ഒരു നേതാവിെൻറ വെളിപ്പെടുത്തൽ ഇതാണ് വ്യക്തമാക്കുന്നത്. നിയമനിർമാണത്തിലൂടെ വിധി മറികടക്കാനാകില്ല. ഏതെങ്കിലും സർക്കാറിന് എന്തെങ്കിലും ചെയ്യാൻ ആകുമെങ്കിൽ കേന്ദ്രം എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. ചിലരുടെ പ്രഖ്യാപനത്തിന് മറു പ്രഖ്യാപനം നടത്താനില്ല. പ്രഖ്യാപനം നടപ്പാക്കാൻ അവർ ശ്രമിച്ചാൽ നടപടിയുണ്ടാകും. ക്യാമ്പ് ചെയ്ത് ചിലത് ചെയ്യാൻ ശ്രമിച്ചാൽ അനുവദിക്കില്ല. തീപ്പൊരിയും പിപ്പിരിയും കാണിച്ചാൽ ചൂളിപ്പോകുന്ന സർക്കാറല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ കേസ് നൽകിയത് ആർ.എസ്.എസിലെ പ്രധാനികളാണ്. ശബരിമലയിൽ ഡാൻസ് നടന്നതായി കുമ്മനം തന്ത്രിക്കെഴുതിയ കത്തിൽ പണ്ട് പറഞ്ഞിരുന്നു. സിനിമാ ഷൂട്ടിങ്ങിനെ കുറിച്ചും പറഞ്ഞു. ശബരിമലയിൽ എല്ലാ മതസ്ഥർക്കും കയറാം എന്നതിനാൽ ആർ.എസ്.എസിെൻറ ചിന്തക്ക് അനുസരിച്ചുള്ള കേന്ദ്രമല്ല അത്. കേരളം മതനിരപേക്ഷതയുടെ നാടാണ്. മതനിരപേക്ഷ മനസിനു മുന്നിൽ വളരെ നിസാര ശക്തികളാണ് സംഘപരിവാറുകാർ. കുറച്ചു പേർ ഒരുമിച്ചു കൂടി എന്തെങ്കിലും കോപ്രായം കാണിച്ചാൽ അവരാണ് മഹാശക്തരെന്ന് ആരും കരുതില്ലെന്നും പിണറായി വ്യക്തമാക്കി.
കോൺഗ്രസ് കേരളത്തിൽ ബി.ജെ.പിയെ ഒരു ഇടത്താവളമായി കാണുകയാണ്. ശബരിമലയിൽ കോൺഗ്രസും ബി.ജെ.പിയും വിധിയെ അനുകൂലിച്ചിരുന്നു. ദേശീയ കോൺഗ്രസ് നേതൃത്വം ചരിത്ര വിധി എന്നാണ് പറഞ്ഞത്. എന്നാൽ അവസരവാദ നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഒരു വിഭാഗം നേതാക്കൾ ഒരു കാൽ ബി.ജെ.പിയിൽ വെച്ചിരിക്കുന്നതു കൊണ്ടാണ് സ്ത്രീ പ്രവേശനത്തിൽ കോൺഗ്രസ് ബി.ജെ.പി നിലപാടിനെ പിന്തുണക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തെ നിരവധി ആരാധനാലയങ്ങൾക്ക് മേൽ സംഘപരിവാർ അവകാശം ഉന്നയിച്ചിട്ടുണ്ട്. അവിടെയെല്ലാം ഭരണഘടനയല്ല പ്രധാനമെന്ന് അവർ പറയുമോ എന്നും പിണറായി ചോദിച്ചു.
യാഥാസ്ഥിതികർ എല്ലാ കാലത്തും സാമൂഹിക പരിഷ്കരണത്തെ എതിർത്തിരുന്നു. ആർ.എസ്.എസ് പ്രത്യേക പരിശീലനം നൽകിയ ക്രിമിനലുകളാണ് ശബരിമലയിൽ ആക്രമണം അഴിച്ചു വിട്ടത്. മാധ്യമ പ്രവർത്തകൾ ഇത്ര ക്രൂരമായി മുമ്പ് ആക്രമിക്കപ്പെട്ടിട്ടില്ല. മാധ്യമ പ്രവർത്തനം എന്താണെന്ന് അറിയാത്ത ക്രിമിനലുകളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.