ശബരിമല സ്ത്രീപ്രവേശനം: പരിഹാരം തേടി ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിലും സുപ്രീംകോടതിയെ നിയമപരമായി എപ്രകാരം സമീപിക്കണമെന്ന കാര്യത്തിലും അന്തിമതീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. വിദേശ സന്ദർശനശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം നേതൃത്വവുമായും ചർച്ച ചെയ്തശേഷമാകും ദേവസ്വം ബോർഡ് അന്തിമ തീരുമാനമെടുക്കുക.
ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്യേണ്ട വിഷയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നിയമവിദഗ്ധരുമായി ഞായറാഴ്ച കൊച്ചിയിൽ കൂടിക്കാഴ്്ച നടത്തിയിരുന്നു. വിധി നടപ്പാക്കുന്നതിന് സാവകാശം തേടുന്നതാണ് കൂടുതൽ ഉചിതമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നാണ് വിവരം. നിലവിലെ സ്ഥിതിഗതികളും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിക്കും.
അടുത്ത ദിവസംതന്നെ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ, വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം, തന്ത്രിമാരുടെയും പന്തളം കൊട്ടാര പ്രതിനിധികളുടെയും എതിർപ്പ് അടക്കമുള്ളവ കോടതിയെ ധരിപ്പിക്കും.
പ്രളയ ദുരന്തത്തിൽ തകർന്ന പമ്പയുടെ അവസ്ഥയും വിവരിക്കും. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനിയിലുള്ള പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നതിനൊപ്പം സ്ഥിതിവിവര റിപ്പോർട്ടും കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുന്നതിനൊപ്പം ഹൈകോടതിയിലും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.