ശബരിമല മുൾമുനയിൽ
text_fieldsനിലക്കൽ: ശബരിമലയും പരിസരവും ഭീതിയുടെ നിഴലിൽ. തിങ്കളാഴ്ച നട തുറക്കുന്ന ശബരിമലയിലേക്ക് ഞായറാഴ്ച എത്തിയത് നാമമാത്ര തീർഥാടകർ. ഇവരെ പൊലീസ് നിലക്കലിൽ തടഞ്ഞു. വൻ പൊലീസ് സന്നാഹവും വനിതകളെത്തിയാൽ സംഘർഷമുണ്ടാകുമെന്ന ഭീതിയും ചേർന്ന് ഉദ്വേഗത്തിെൻറ മുൾമുനയിലാണ് ശബരിമല പ്രദേശം. നിരോധനാജ്ഞ നിലവിലുള്ള ഇലവുങ്കൽ മുതൽ സന്നിധാനംവരെ 35 കിലോമീറ്ററോളം പൂർണമായും പൊലീസ് ബന്തവസിലാണ്. ജീപ്പുകളിൽ സംഘമായി പൊലീസ് റോന്തുചുറ്റുന്നു. അതേസമയം, മുഴുവൻ സമയ പ്രവർത്തകർ അടക്കം സന്നിധാനത്ത് ക്യാമ്പ് ചെയ്ത് ഏതുവിധേനയും സ്ത്രീ പ്രവേശനം ചെറുക്കാനുള്ള ക്രമീകരണമാണ് ആർ.എസ്.എസ് ഒരുക്കുന്നതെന്നാണ് വിവരം.
സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നുവെന്നാണ് ഇൻറലിജന്‍സ് റിപ്പോര്‍ട്ട്. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ തടയാന്‍ വയോധികമാരെ അണിനിരത്തിയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലക്കലിൽനിന്ന് പൊലീസ് വാഹനങ്ങൾ മാത്രമാണ് ഞായറാഴ്ച പമ്പയിലേക്ക് കടത്തിവിടുന്നത്. ഞായറാഴ്ച പമ്പയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 50 വയസ്സ് കഴിഞ്ഞ 30 അംഗ വനിത പൊലീസിനെ സന്നിധാനത്ത് നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
സി.െഎ റാങ്കിലുള്ള 15 പേരും മറ്റുള്ളവർ എസ്.െഎ റാങ്കിലുള്ളവരുമായിരിക്കും. അടിയന്തര സാഹചര്യം ഉണ്ടായാൽ യുവതികളായ പൊലീസുകാരും സന്നിധാനത്ത് എത്തും. സമരക്കാരെ നേരിടാൻ സന്നിധാനത്ത് കണ്ണീർവാതകം അടക്കം പൊലീസ് എത്തിച്ചതായാണ് വിവരം.
ആംബുലൻസുകളും സജ്ജീകരിക്കുന്നുണ്ട്. ക്ഷേത്ര പ്രവേശനത്തിന് യുവതികളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട കലക്ടർ പി.ബി. നൂഹും എസ്.പി ടി. നാരായണനും പറഞ്ഞു. 15ഒാളം യുവതികൾ ദിവസങ്ങൾക്ക് മുേമ്പ ഫോണിലൂടെ പൊലീസ് സംരക്ഷണം തേടിയിരുന്നതായി സൂചനയുണ്ട്. വൻ പൊലീസ് സന്നാഹം ഒരുക്കുന്നത് യുവതികളെത്തിയാൽ ഏതുവിധവും ദർശനത്തിന് സൗകര്യം ഒരുക്കുക എന്ന് ലക്ഷ്യമിട്ടാണെന്ന് സംഘ്പരിവാർ സംഘടനകൾ ആരോപിക്കുന്നു. സംഘർഷ ഭീതി നിലനിൽക്കുന്നതിനാലാവാം ഇതര സംസ്ഥാനക്കാരടക്കം 500ൽ താഴെ തീർഥാടകരാണ് ഞായറാഴ്ച എത്തിയത്. നടതുറക്കുന്നതിന് ദിവസങ്ങൾക്ക് മുേമ്പ തീർഥാടകരുടെ ഒഴുക്ക് തുടങ്ങുന്നതാണ് പതിവ്.
ഞായറാഴ്ച കെ.എസ്.ആർ.ടി.യുടെ പമ്പ ബസിൽ ടിക്കറ്റെടുത്ത് എത്തിയ യാത്രക്കാരെപ്പോലും പൊലീസ് നിലക്കലിൽ തടഞ്ഞ് ഇറക്കിവിട്ടു. രാവിലെ നിലക്കലിലേക്ക് പോലും ആരെയും വിട്ടിരുന്നില്ല. നിലക്കലിന് കിലോമീറ്ററുകൾ അകലെ ഇലവുങ്കലിൽ പൊലീസ് എല്ലാ വാഹനങ്ങളും തടഞ്ഞിടുകയായിരുന്നു. ഇതിൽ പ്രതിഷേധം ശക്തമായതോടെ 11ഒാടെ നിലക്കൽവരെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.