ശബരിമല ദർശനത്തിനെത്തിയ സ്ത്രീകൾക്ക് കർമസമിതി പ്രവർത്തകരുടെ മർദനം
text_fieldsശബരിമല: ദർശനത്തിനു തമിഴ്നാട്ടിൽനിന്നെത്തിയ കുടുംബത്തിലെ സ്ത്രീകൾക്ക് ശബരി മല കർമസമിതി പ്രവർത്തകരുടെ മർദനം. തിങ്കളാഴ്ച രാത്രി 7.45ഒാടെ മരക്കൂട്ടത്തായിരുന്നു സംഭവം. പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് കർമസമിതിക്കാർ മർദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസുമായും കർമസമിതിക്കാർ ഏറ്റുമുട്ടി. സംഘർഷത്തിൽ പരിക്കേറ്റ കർമസമിതി പ്രവർത്തകൻ ചങ്ങനാശ്ശേരി മഞ്ചാടിക്കര സ്വദേശി ഗണേശിനെ (32) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ടു കർമസമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
കുടുംബസമേതം ദർശനത്തിനെത്തിയ സംഘം മലകയറി മരക്കൂട്ടത്ത് എത്തിയപ്പോൾ സ്ത്രീകളുടെ തിരിച്ചറിയൽ രേഖകൾ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർമസമിതി പ്രവർത്തകർ തടയുകയായിരുന്നു.
സംഘത്തിലുള്ള സ്ത്രീകൾക്ക് 50 വയസ്സ് പിന്നിട്ടതാെണന്നും രേഖകൾ പൊലീസിനേ കൈമാറുകയുള്ളൂ എന്നും തീർഥാടക സംഘം നിലപാട് എടുത്തു.
തുടർന്ന് കർമസമിതി പ്രവർത്തകർ സംഘത്തിലെ സ്ത്രീകളെ ബലമായി തിരികെ അയക്കാൻ നടത്തിയ ശ്രമം കൈയേറ്റത്തിൽ കലാശിച്ചു. ഇൗ സമയം സ്ഥലത്തെത്തിയ പൊലീസിനെയും കർമസമിതി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മർദനമേറ്റ സ്ത്രീയുടെയും ഭർതൃസഹോദരെൻറയും പരാതിയിലാണ് കണ്ടാൽ അറിയാവുന്ന എട്ടുപേർക്കെതിരെ പമ്പാ പൊലീസ് കേസ് എടുത്തത്. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.