ശബരിമല യുവതി പ്രവേശനം കൊണ്ട് നവോത്ഥാനം പൂർണമാവില്ല -എ.പത്മകുമാർ
text_fieldsപത്തനംതിട്ട: ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂർണമാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. നവോത്ഥാനം എന്നത് പിന്നാക്ക വിഭാഗത്തിൻെറ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്ന് വരേണ്ട പ്രശ്ന മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലും മരട് ഫ്ലാറ്റ് വിധിയിലും സർക്കാർ സ്വീകരിച്ച സമീപനത്തെയ ും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. മരടിൽ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാൽ, ശബരിമലയിൽ ലക്ഷക്കണക്കിന് വിശ്വാസികളുണ്ട്. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കണമെന്നാണ് അന്ന് പറഞ്ഞതെന്നും പത്മകുമാർ ഓർമിപ്പിച്ചു. ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിൽ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികൾ പ്രവേശിച്ചെന്നോ കണക്കാക്കണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ട്. തൻെറ വീട്ടിൽ നിന്ന് സ്ത്രീകളാരും ശബരിമലക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല: വിധി പ്രതികൂലമായാൽ പ്രധാനമന്ത്രി അനുകൂല നിലപാട് ഉറപ്പു നൽകിയതായി ശശികുമാര വർമ
പന്തളം: യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതികൂലമായാൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുന്നതടക്കം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി. ശശികുമാര വർമ. നാമജപ ഘോഷയാത്രയുടെ ഒന്നാമത് വാർഷികാഘോഷങ്ങൾ വിശദീകരിച്ച് പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിൽ പൂർണ വിശ്വാസമുണ്ട്. വിധി വരുന്നത് കാത്തിരിക്കുകയാണ് വിശ്വാസിസമൂഹമെന്നും ശശികുമാര വർമ പറഞ്ഞു.
സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിലപാടിൽ മാറ്റംവന്നതായി വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് സി.പി.എം. കഴിഞ്ഞ ഒരുവർഷമായി അയ്യപ്പവിശ്വാസികളെ കേസിൽ കുടുക്കി ദ്രോഹിക്കുകയാണ്. വിശ്വാസം സംരക്ഷിക്കാൻ നിലകൊണ്ട ഓരോ വിശ്വാസികളുടെയും പേരിൽ നൂറുകണക്കിന് കേസാണ് എടുത്തിരിക്കുന്നത്. അടുത്ത സർക്കാർ വരുമ്പോൾ ഒരു കടലാസുകൊണ്ട് എടുത്തു കളയാവുന്നതാണ് അയ്യപ്പഭക്തരുടെ പേരിലുള്ള കേസുകൾ. അയ്യപ്പഭക്തരെ കേസിൽ പ്രതിയാക്കുന്നവർ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ മുൻ ഭരണാധികാരികൾ അഴികൾക്കുള്ളിലേക്ക് പോവുകയാണ്. കേരളത്തിൽ അയ്യപ്പഭക്തരെ ദ്രോഹിച്ചവർക്കും ഈ അനുഭവമുണ്ടാകാതിരിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും ശശികുമാര വർമ പറഞ്ഞു. നാമജമ ഘോഷയാത്രയുടെ ഒന്നാം വാർഷികം 30 മുതൽ ഒക്ടോബർ രണ്ട് വരെ പന്തളത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സേവ് ഔവർ ശബരിമല പ്രചരണത്തിന് തുടക്കംപടം
പന്തളം: സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിധി പ്രഖ്യാപിച്ചതിെൻറ ഒന്നാ വാർഷിക ദിനത്തിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സേവ് ഔവർ ശബരിമല പ്രചരണത്തിന് പന്തളത്ത് തുടക്കം കുറിച്ചു. സേവ് ഔവർ ശബരിമല ലോഗോ പ്രകാശനം പന്തളത്ത് സമിതി രക്ഷാധികാരി പി.ജി.ശശി കുമാര വർമ, ചെയർമാൻ എം.ബി.ബിനുകുമാർ, കൺവീനർ പ്രസാദ് കുഴിക്കാല എന്നിവർ പ്രകാശിപ്പിച്ചു. ആചാര സംരക്ഷണ യാത്രയുടെ ഒന്നാം വാർഷികം ഒക്ടോബർ രണ്ടിന് പന്തളം കൊട്ടാരത്തിൽ നടത്തും. 30 ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണത്തോടെ വാർഷിക പരിപാടികൾക്ക് തുടക്കമാകും. ഒന്നിന് ഗുരുസ്വാമി സംഗമവും രണ്ടിന് വൈകീട്ട് മൂന്നിന് അയ്യപ്പ ധർമ രക്ഷാ സംഗമവും അയ്യപ്പ ധർമ രക്ഷാ പ്രതിജ്ഞയും നടക്കും. ഋഷീകേശ് ഗോതീർഥ കപിലാ ശ്രമം മഠാധിപതി ശങ്കരാചാര്യ രാമചന്ദ്ര ഭാരതീ തീർഥ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.