സ്ത്രീ പ്രവേശനം: സർക്കാർ പുനഃപരിശോധനാ ഹരജി നൽകണം -കെ.എം മാണി
text_fieldsകോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹരജി നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. എൻ.എസ്.എസിെൻറയും സംയുക്ത ഹരജി നല്‍കാനുള്ള തന്ത്രി കുടുംബത്തിെൻറയും നീക്കങ്ങളെ പാര്‍ട്ടി പിന്തുണക്കും. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ തന്നെ സര്‍ക്കാര്‍ സര്‍വകക്ഷി സമ്മേളനം വിളിക്കണം. ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കാണ് വിധിയിലൂടെ വിലക്കുണ്ടായിരിക്കുന്നത്. വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കും. അതുകൊണ്ട് വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിന് പകരം പുന:പരിശോധനാ ഹരജി നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. അത് നിയമപരമായി തേടാവുള്ള ഒരു രക്ഷാമാര്‍ഗവുമാണ്. കേസ് വിധി പറഞ്ഞപ്പോള്‍ പരിഗണിക്കേണ്ടിയിരുന്ന ഗൗരവമുള്ള വസ്തുതകള്‍ വിട്ടുപോയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിധിയില്‍ മാറ്റംവരുത്താന്‍ അതേ ബെഞ്ചുതന്നെ തയ്യാറാവും.
സുപ്രിംകോടതി വിധി സ്ത്രീസമത്വമെന്നും മൗലികാവകാശ സംരക്ഷണമെന്നും പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും കാലാകാലങ്ങളായുള്ള ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗംവരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യം സര്‍ക്കാര്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും മുന്‍കരുതലെടുക്കുകയും ചെയ്യണം. ശബരിമല വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജന്‍മദിനമായ ഈ മാസം ഒമ്പതിന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുവരെ കോട്ടയം തിരുനക്കര പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനത്ത് സര്‍വമത പ്രാര്‍ഥന നടത്തുമെന്നും അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.