Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്ത്രീ...

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹരജി നൽകാനാവില്ല -പിണറായി

text_fields
bookmark_border
ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹരജി നൽകാനാവില്ല -പിണറായി
cancel

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കാമെന്ന് ഉറപ്പു നൽകിയ സംസ്ഥാന സർക്കാറിന് പുനഃപരിശോധനാ ഹരജി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും തുല്യനീതിയും അവസരവും നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം. ഇത് ഇനിയും തുടരും. കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്. സുപ്രീംകോടതി വിധിക്ക് പിന്നിൽ ഇടത് സർക്കാർ നിലപാടല്ല. ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ ഉള്ളവരുമായി സർക്കാർ ചർച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാറിനുള്ളത്. എന്നാൽ ആചാരങ്ങൾ പാലിക്കുന്ന സാഹചര്യത്തിൽ അക്കാര്യം വിദഗ്ധരെ കൊണ്ട് പരിശോധിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പുനഃപരിശോധനാ ഹരജി നൽകിയാൽ സർക്കാർ കോടതിയിൽ നൽകിയ ഉറപ്പിന് വിരുദ്ധമാകും. അതു കൊണ്ടാണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വം സുപ്രീംകോടതി വിധിയെ ട്വീറ്റിലൂടെ സ്വാഗതം ചെയ്തിട്ടുണ്ട്. വിധി എല്ലാവർക്കും ബാധകമെന്നാണ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്. വിധിയെ സ്വാഗതം ചെയ്ത ചെന്നിത്തല നിലപാട് മാറ്റിയത് വിസ്മയകരമാണ്. ഇത് പ്രതിപക്ഷ നേതാവിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണ്. വലിയ പാരമ്പര്യമുള്ള കോൺഗ്രസ് അത് കൈവിട്ട് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ആർ.എസ്.എസിനെയും ബി.െജ.പിയെയും മറികടക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇത് കോൺഗ്രസിന്‍റെ തകർച്ചക്കും ബി.ജെ.പിയുടെ വളർച്ചക്കും ഇടയാക്കുമെന്നും പിണറായി ചൂണ്ടിക്കാട്ടി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റത്തിന്‍റെ ചരിത്രം കൂടി കണക്കിലെടുക്കണം. ആ പശ്ചാത്തലത്തിൽ വേണം സുപ്രീംകോടതി വിധിയെയും സർക്കാറുകളുടെ നിലപാടുകളെയും കാണേണ്ടത്. സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈകോടതി ഇടപെടൽ നടത്തിയിരുന്നു. ഹൈകോടതിയുടെ മുൻ ഉത്തരവിനും ഇപ്പോഴത്തെ സുപ്രീംകോടതി വിധിക്കും കാരണം സർക്കാറുകളുടെ നിലപാടുകളല്ലെന്നും പിണറായി പറഞ്ഞു.

1990ൽ ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വീകരിച്ച പൊതുതാൽപര്യ ഹരജിയാണ് പിന്നീടുള്ള ചർച്ചകൾക്ക് വഴിവെച്ചത്. മാസപൂജകൾക്ക് പ്രായഭേദമന്യേ സ്ത്രീകൾ ശബരിമലയിൽ എത്തിയിരുന്നു. കുട്ടികളുടെ ചോറൂണിനായും ആളുകൾ എത്തിയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങളിൽ വന്ന മാറ്റവും സുപ്രീംകോടതി വിധിയിൽ പരാമർശിക്കുന്നുണ്ട്. 20 വർഷത്തോളം സ്ത്രീകൾക്ക് പ്രതിമാസ പൂജാ സമയത്ത് ശബരിമലയിൽ എത്തിയിരുന്നുവെന്നും വ്യക്തമാണ്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം മണ്ഡല-മകരവിളക്ക് കാലത്തും വിഷുകാലത്തും നിരോധിച്ചു കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചുണ്ടെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

1991ലെ ഹൈകോടതി വിധിയിലൂടെ സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് ചെയ്തത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറുകൾ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇടത് സർക്കാറുകൾ വിധിക്ക് വിരുദ്ധമായ നടപടികൾ സ്വീകരിച്ചിട്ടില്ല. 2006ലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് റിട്ട് ഹരജിയായി സുപ്രീംകോടതിയിൽ എത്തി. കോടതി ആവശ്യപ്പെട്ട പ്രകാരം വി.എസ് അച്യുതാനന്ദൻ സർക്കാറും തുടർന്ന് യു.ഡി.എഫ് സർക്കാറും നിലപാട് വ്യക്തമാക്കി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചു. വി.എസ് സർക്കാറിന്‍റെ സത്യവാങ്മൂലം പിൻവലിച്ച യു.ഡി.എഫ് സർക്കാർ, സ്ത്രീ പ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. വീണ്ടും ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വി.എസ് സർക്കാറിന്‍റെ സത്യവാങ്മൂലം നിലനിർത്താൻ തീരുമാനിച്ചു.

സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. സമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സർക്കാർ നയം. അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് എതിരല്ല. മുൻകാലങ്ങളിൽ സ്ത്രീ പ്രവേശനം നടന്നിട്ടുണ്ട്. ഹിന്ദു മത ആചാരത്തിൽ വിശ്വസിക്കുന്നവർക്ക് പ്രായ വ്യത്യാസമില്ലാതെ ആരാധന നടത്താൻ അനുവദിക്കണം എന്നായിരുന്നു ഇടത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാൽ നിലവിൽ ഹൈകോടതി വിധിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കത്തും നൽകി.

സാമൂഹ്യ പരിഷ്കർത്താകളെയും വിദഗ്ധരെയും ഉൾപ്പെടുത്തി കൊണ്ടുള്ള കമീഷൻ രൂപീകരിച്ച് പ്രായഭേദമന്യേ സ്ത്രീ പ്രവേശനം സാധ്യമാവുമോ എന്ന പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കാലം നിശ്ചയിച്ച് പ്രവേശനം അനുവദിക്കാം. 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം തടയാൻ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ സംസ്ഥാന സർക്കാറിനെ നിലപാട് വ്യക്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

നാടിന്‍റെ ഒരുമ തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവർണ മേധാവിത്വം തകർത്താണ് ഈ മുന്നേറ്റം സാധ്യമായത്. ചട്ടമ്പിസ്വാമികൾ, നാരായണഗുരു, അയ്യൻകാളി അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ നമ്മുടെ നാടിനെ ഉഴുതു മറിക്കുകയാണ് ഉണ്ടായത്. അതിന് ദേശീയ പ്രസ്ഥാനങ്ങളിലൂടെ തുടർച്ച ഉണ്ടായി. ചട്ടമ്പിസ്വാമികളെ പോലുള്ളവർ നിലനിൽക്കുന്ന ആചാരങ്ങളിലെയും സമ്പ്രദായങ്ങളിലെയും പോരായ്മകളിലേക്ക് വിരൽ ചൂണ്ടി സമൂഹത്തെ നവീകരിക്കുന്നതിന് നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനങ്ങൾ മാറ്റം വരുത്തി. തെറ്റായ ആചാരങ്ങൾക്കെതിരെ ഒാരോ വിഭാഗങ്ങൾക്കിടയിലും എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിലൂടെ നിലവിലെ ആചാരങ്ങളും വിശ്വാസങ്ങളും മാറ്റുന്നതിന് ഇടയാക്കി. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് മാറ്റമുണ്ടായി. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായി. വൈക്കം സത്യാഗ്രഹവും വലിയ മുന്നേറ്റത്തിന് കാരണമായി. ഇത്തരത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ് കേരളത്തിന്‍റെ പുരോഗതിക്ക് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsPinarayi Vijayan
News Summary - Sabarimala Women Entry Pinarayi Vijayan -Kerala News
Next Story