ഹിന്ദുമതത്തിന്‍റെ ഉടമസ്ഥാവകാശം തോളിലേറ്റുന്നവരോട് സഹതാപം -സ്പീക്കർ
text_fieldsകോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ സഭ്യമല്ലാത്ത ഭാഷയില്‍ മുന്‍വിധിയോടെ വിമർശിച്ചവർക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഹിന്ദു മതത്തിന്‍റെ ഉടമസ്ഥാവകാശം തോളിലേറ്റി എന്നമട്ടില്‍ അഭിപ്രായം പറയുകയും ചെയ്ത ചില സുഹൃത്തുക്കളുടെ കോലാഹലങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്ന് ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
അത് മാറ്റത്തിന് വിധേയമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്ത്രീയായി പോയി എന്നതു കൊണ്ടുമാത്രം അവര്‍ക്കിഷ്ടപ്പെട്ട ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നത് ശരിയാണോ എന്ന ചോദ്യം ഒരു സംവാദത്തിന് വിധേയമാക്കണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്. അതിനിത്രമാത്രം സംഘടിതമായി ചീത്ത പറഞ്ഞ് ഊര്‍ജ്ജം കളയേണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് എന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മുന്‍വിധിയോടെ പ്രതികരിക്കുകയും കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഹിന്ദു മതത്തിന്‍റെ ഉടമസ്ഥാവകാശം തോളിലേറ്റി എന്നമട്ടില്‍ അഭിപ്രായം പറയുകയും ചെയ്ത ചില സുഹൃത്തുക്കളുടെ കോലാഹലങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. പ്രിയ സുഹൃത്തുക്കളേ ഞാന്‍ എന്‍റെ അഭിപ്രായം ഏകപക്ഷീയമായി പറയുകയല്ല ചെയ്തത്. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഒരു നിരീക്ഷണത്തെ സംബന്ധിച്ച് എനിക്ക് തോന്നിയ അഭിപ്രായം പങ്കുവയ്ക്കുകയാണ് ചെയ്തത്. അത് പങ്കുവച്ചത് എന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കാളികളായവരോടാണ്.
ലോകം കടന്നുവന്ന വഴികള്‍ മാറ്റത്തിന്‍റേതായിരുന്നു. ഇവിടെ പല സുഹൃത്തുക്കളും ചോദിച്ചതുപോലെ ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാത്തവരുടെ അവസ്ഥ മാറുന്നതിനുവേണ്ടിയുള്ള നിലപാടു സ്വീകരിച്ചപ്പോള്‍ ഇതുപോലെ കുറേയാളുകള്‍ തല്ലാനും കൊല്ലാനും വന്നില്ലേ? എന്നിട്ട് ക്ഷേത്രപ്രവേശനം മുടങ്ങിപ്പോയോ? കന്നുകാലികള്‍ക്കും നായയ്ക്കും വഴിനടക്കാമായിരുന്ന തെരുവില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് നടക്കാന്‍ പാടില്ല എന്ന അവസ്ഥ ഇവിടുണ്ടായിരുന്നില്ലേ? ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന സതി എന്ന ആചാരം ഇവിടുണ്ടായിരുന്നില്ലേ? മുല കാണിച്ച് നടന്നില്ലെങ്കില്‍ മുല അരിഞ്ഞുകളയുന്ന ആചാരങ്ങള്‍ ഉണ്ടായിരുന്നില്ലേ? മുലക്കരം പിരിച്ചെടുക്കുന്ന അനുഭവം ഉണ്ടായിരുന്നില്ലേ? അതെല്ലാം മാറി. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാക്കാലത്തും ഒരുപോലെയിരിക്കാറില്ല.
അത് മാറ്റത്തിന് വിധേയമാണെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീയായിപോയി എന്നതുകൊണ്ടുമാത്രം അവര്‍ക്കിഷ്ടപ്പെട്ട ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നത് ശരിയാണോ എന്ന ചോദ്യം ഒരു സംവാദത്തിന് വിധേയമാക്കണം എന്ന അഭിപ്രായമാണ് പങ്കുവച്ചത്. അതിനിത്രമാത്രം സംഘടിതമായി ചീത്തപറഞ്ഞ് ഊര്‍ജ്ജം കളയേണ്ട. അല്പം കൂടി മിതമായ നിരക്കില്‍ ശ്വാസോച്ഛ്വോസം ചെയ്ത് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. ജാതിവിവേചനത്തിന്‍റെ ക്രൂരമായ ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ കാണുമ്പോള്‍ ആ ജാതിയില്‍പ്പെട്ട പാവപ്പെട്ട മനുഷ്യരോട് സഹതാപം തോന്നാറില്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.