തൃപ്തി ദേശായി മടങ്ങി; വീണ്ടും വരുമെന്ന് പ്രഖ്യാപനം
text_fieldsനെടുമ്പാശ്ശേരി: ശബരിമല കയറാനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതി ഷേധത്തിനിടെ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനാവാതെ 15 മണിക്കൂറിന് ശേഷം മടങ്ങി. ബി.ജെ.പി.യുടെയും ആർ.എസ്.എസിെൻറയും നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കവാടത്തിൽ നടന്ന നാമജപ പ്രതിഷേധമാണ് തൃപ്തിയുടെ ശബരിമല യാത്രക്ക് തടസ്സമായത്. ഇൗ മണ്ഡലകാലത്തുതന്നെ മല ചവിട്ടുമെന്ന് പ്രഖ്യാപിച്ചാണ് രാത്രി 9.25െൻറ എയർ ഇന്ത്യ വിമാനത്തിൽ തൃപ്തിയും കൂട്ടരും മുംബൈയിലേക്ക് മടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 4.38 നാണ് ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തി ദേശായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ലക്ഷ്മി ഭാനുദാസ് മൊഹിതെ, സംഗീത ദോണ്ഡിരം, സവിത ജഗന്നാഥറാവത്ത്, മീനാക്ഷി രാമചന്ദ്ര ഷിന്‍ഡെ, മനീഷ രാഹുല്‍ തിലേക്കര്‍, സ്വാതി കൃഷ്റാവു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇൗ സമയം പുറത്ത് പ്രതിഷേധക്കാരും എത്തിത്തുടങ്ങി. ഇതോടെ തൃപ്തിയെയും കൂട്ടരെയും പൊലീസ് വിമാനത്താവളത്തിലെ സുരക്ഷാഹാളില് തന്നെ തടഞ്ഞുവെച്ചു. തങ്ങള്‍ക്ക് പൊലീസ് വാഹനത്തില്‍ ശബരിമലയ്ക്ക് പോകാൻ സൗകര്യം േവണമെന്ന് തൃപ്തി ആവശ്യപ്പെെട്ടങ്കിലും നിരസിച്ചു. വാഹനം ഏര്‍പ്പാട് ചെയ്യേണ്ടത് തീര്‍ഥാടകരാണെന്നും വാഹനമുണ്ടെങ്കില്‍ സുരക്ഷ നല്‍കാമെന്നുമായിരുന്നു പൊലീസ് നിലപാട്. ഇതനുസരിച്ച് വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെത്തി ടാക്സിക്ക് പണമടക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവര്‍മാരാരും ഒാട്ടം പോകാൻ തയാറായില്ല. ഓണ്‍ലൈന്‍ ടാക്സിക്കാരും പിന്തിരിഞ്ഞു.
തൃപ്തിയും കൂട്ടരും വിമാനമിറങ്ങുന്നതിന് മുമ്പുതന്നെ ബി.ജെ.പി ജില്ല സെക്രട്ടറി എം.എന്‍. ഗോപിയുടെ നേതൃത്വത്തില്‍ നൂറോളം പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കെ. സുരേന്ദ്രൻ, ബി. ഗോപാലകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് എന്നിവരടക്കം നേതാക്കളും പിന്നീടെത്തി. തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇവർ നാമജപം തുടങ്ങി. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്നായിരുന്നു സമരക്കാരുടെ നിലപാട്. തൃപ്തിയെ ശബരിമലയ്ക്ക് കൊണ്ടുപോകരുതെന്ന് വിമാനത്താവളത്തിലെ ടാക്സി സംഘടന നേതാക്കളോട് സംഘ്പരിവാര്‍ നേതാക്കള്‍ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, എന്തുവന്നാലും മല കയറാതെ മടങ്ങില്ലെന്ന നിലപാടിൽ തൃപ്തി ഉറച്ചുനിന്നു. ആലുവ തഹസിൽദാറും പൊലീസും സി.െഎ.എസ്.എഫും ഇവരുമായി പലവട്ടം നടത്തിയ ചർച്ചയൊന്നും ഫലം കണ്ടില്ല. വൈകീേട്ടാടെ ആഭ്യന്തര ടെർമിനലിന് പുറത്ത് സ്ത്രീകളടക്കം പ്രതിഷേധക്കാരുടെ എണ്ണം 700ലധികമായി. സമരം വിമാനത്താവളത്തിെൻറ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിമാനത്താവള കമ്പനി അധികൃതർ പൊലീസിന് കത്ത് നല്കി. ചില ഇടനിലക്കാർ വഴി തൃപ്തിയെ ടെലിഫോണിൽ ബന്ധപ്പെട്ട് വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തി.
തുടർന്ന്, രാത്രി എയര്‍ഇന്ത്യ വിമാനത്തില്‍ മടങ്ങാമെന്ന് തൃപ്തി പൊലീസിനെ അറിയിക്കുകയായിരുന്നു. തോറ്റ് പിന്മാറുന്നതല്ലെന്നും ക്രമസമാധാന പ്രശ്നം ഒഴിവാക്കാനാണ് മടങ്ങുന്നതെന്നും തൃപ്തി പറഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ നാമജപം അവസാനിപ്പിച്ചെങ്കിലും തൃപ്തി മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനത്താവളത്തിൽനിന്ന് പിരിഞ്ഞത്.
അതിനിടെ, ശബരിമല ദർശനത്തിന് കേരളത്തിലെത്തിയ തൃപ്തി ദേശായിയുടെ പുണെയിലെ വീടിനു മുമ്പിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം നടന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30 ഒാടെയാണ് പുണെ, ധനക്വാടിയിലെ തൃപ്തി ദേശായിയുടെ വീടിന് മുമ്പിലേക്ക് അയ്യപ്പകർമ സമിതി നാമജപ പ്രതിഷേധ യാത്ര നടത്തിയത്. കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന തൃപ്തി അയ്യപ്പദർശനം നടത്താതെ മടങ്ങില്ലെന്ന് നിലപാട് എടുത്തതോടെയാണ് പുണെയിൽ പ്രതിഷേധത്തിന് ശ്രമമാരംഭിച്ചത്.
ഫോൺവിളിച്ചും വാട്സ് ആപ്പ് വഴിയും അയ്യപ്പ ഭക്തരെ സംഘടിപ്പിക്കുകയായിരുന്നുവെന്ന് അയ്യപ്പ കർമ സമിതിയുടെ ബാബു നമ്പ്യാർ പറഞ്ഞു. രാത്രി ഒമ്പതരയോടെ തൃപ്തി ദേശായി കേരളത്തിൽനിന്ന് മടങ്ങുമെന്ന് വിവരം ലഭിച്ചേതാടെ പ്രതിഷേധം അവസാനിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.