ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെയും കൂട്ടരെയും തിരിച്ചയച്ചു
text_fieldsകൊച്ചി: ശബരിമലയ്ക്ക് പോകാൻ കൊച്ചിയിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലെ ആ റംഗ സംഘത്തെ പൊലീസ് തിരിച്ചയച്ചു. സംരക്ഷണം വേണമെന്ന ഇവരുടെ ആവശ്യം നിരസിച്ച പൊലീസ്, ഒരു പകൽ നീണ്ട നാടകീയ സ ംഭവവികാസങ്ങൾക്കും ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനുമൊടുവിൽ രാത്രിയോടെ തിരിച്ചയക്കുകയായിരുന്നു. എറണാകുള ം കമീഷണർ ഓഫിസിന് മുന്നിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘാംഗം ബിന്ദു അമ്മിണിക്കുനേരെ മുളക് സ്പ്രേ ആക്രമണമുണ്ടായി.
ചൊവ്വാഴ്ച പുലർച്ച 4.35നാണ് തൃപ്തിയും കൂട്ടരും പുണെയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. മീനാക്ഷി രാമചന്ദ്ര ഷിൻഡെ, ഹരിനാക്ഷി ബൽവന്ത് കംബാലെ, ഛായ പാണ്ഡുരംഗ് ബിരാദാർ, മനീഷ രാഹുൽ തിലേകർ, ത്രികാൽ ഭവന്ത് സരസ്വതി എന്നിവരായിരുന്നു മറ്റുള്ളവർ. മുഖം മറച്ച് പുറത്തുവന്ന ഇവർ ശബരിമലക്ക് പോകാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏഴരയോടെ എറണാകുളത്തെ പൊലീസ് കമീഷണർ ഓഫിസിൽ എത്തി. കഴിഞ്ഞവർഷം ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവരോടൊപ്പം ചേർന്നു.
എന്നാൽ, സംരക്ഷണം നൽകാനാവില്ലെന്നും മടങ്ങിപ്പോകണമെന്നും ഡി.ഐ.ജിയും അഡീഷനൽ കമീഷണറുമായ കെ.പി. ഫിലിപ്പ് ആവശ്യപ്പെട്ടു. എന്നാൽ, അക്കാര്യം എഴുതി നൽകണമെന്നായി തൃപ്തി. ഇതിനിടെ ബി.ജെ.പി, ഹിന്ദു ഹെൽപ് ലൈൻ, ശബരിമല കർമസമിതി പ്രവർത്തകർ കമീഷണർ ഓഫിസിന് മുന്നിൽ നാമജപം ആരംഭിച്ചു. യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകരുതെന്നും ഉടൻ മടക്കി അയക്കണമെന്നുമായിരുന്നു ആവശ്യം. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി.ജി. രാജഗോപാലിെൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തു.
ഇതിനിടെ, കാറിൽനിന്ന് ഫയലെടുക്കാൻ പുറത്തിറങ്ങിയ ബിന്ദു അമ്മിണി തിരിച്ച് ഓഫിസിലേക്ക് മടങ്ങവെ ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകൻ ശ്രീനാഥ് വളഞ്ഞിട്ട് മുളക് സ്പ്രേ ആക്രമണം നടത്തുകയായിരുന്നു. ബിന്ദു രൂക്ഷമായി പ്രതികരിച്ചതോടെ വാക്തർക്കമായി. പൊലീസ് ഇടപെട്ട് ബിന്ദുവിനെ ഉടൻ ജനറൽ ആശുപത്രിയിലേക്കും തുടർന്ന് സുരക്ഷിത സ്ഥാനത്തേക്കും മാറ്റി. ശ്രീനാഥിനെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു ഉൾപ്പെടെ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് ഉറപ്പ് നൽകി. തുടർന്ന്, സമരം അവസാനിപ്പിച്ചതായി 11.30ഓടെ നേതാക്കൾ പ്രഖ്യാപിച്ചു. എന്നാൽ, പ്രതിഷേധക്കാർ പൂർണമായി പിരിഞ്ഞുപോയില്ല. യുവതികളെ മടക്കി അയക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി വൈകീട്ട് ഏഴ് മണിയോടെ ഇവർ വീണ്ടുമെത്തി.
സുപ്രീംകോടതി വിധിയിലെ അവ്യക്തതയും ക്രമസമാധാനപ്രശ്നവും പൊലീസ് ചൂണ്ടിക്കാട്ടിയെങ്കിലും യുവതി പ്രവേശനം സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ശബരിമല സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തിയും സംഘവും. എന്നാൽ, സംരക്ഷണം നൽകേണ്ടെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.