സന്നിധാനത്ത് വനിത പൊലീസിനെ വിന്യസിക്കില്ല
text_fieldsതിരുവനന്തപുരം: ശബരിമല സന്നിധാനത്തും പരിസരത്തും തൽക്കാലം വനിത പൊലീസിെന വിന്യസിക്കേണ്ടതില്ലെന്ന് ധാരണ. പമ്പയിലും നിലക്കലിലും കൂടുതൽ വനിത പൊലീസിനെ വിന്യസിക്കാനും ഉന്നതതല പൊലീസ് യോഗത്തിൽ ധാരണയായി. തുലാമാസ പൂജക്ക് കൂടുതൽ സ്ത്രീകൾ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കൂടുതൽ സ്ത്രീകൾ എത്തിയാൽ മാത്രമേ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കുന്നത് പരിഗണിക്കൂ. ഇതുസംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന പൊലീസ്, ദേവസ്വം, ബോർഡ് യോഗങ്ങളിൽ അന്തിമതീരുമാനമെടുക്കും.
ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി 40 വനിതാ പൊലീസുകാരുടെ പട്ടിക പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി തയാറാക്കിയിരുന്നു. ഇതിൽ 30 പേരെ സന്നിധാനത്താണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാൽ വിഷയത്തിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ വനിതാ പൊലീസിനെ പമ്പയിൽ മാത്രം നിയോഗിക്കാനാണ് പുതിയ തീരുമാനം. വനിത പൊലീസിനെ നിയോഗിക്കണമെന്ന് ദേവസ്വം ബോർഡ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു.
തുലാമാസ പൂജക്ക് പുറമെ നവംബർ 17ന് തുടങ്ങുന്ന മണ്ഡല-മകരവിളക്ക് കാലത്തും നിയോഗിക്കുന്നതിനായി ദേവസ്വം ബോർഡ് വനിത ജീവനക്കാരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിത ജീവനക്കാരെ താൽകാലികമായി നിയമിക്കുന്നതിനും നടപടിയായിട്ടുണ്ട്. ഇൗ രണ്ടു പട്ടികകളിൽനിന്ന് വനിത ജീവനക്കാരെ നിയമിക്കണമെന്നാണ് ദേവസ്വം കമീഷണറുടെ ഉത്തരവിൽ പറയുന്നത്. അതേസമയം, സന്നിധാനത്ത് ജോലി ചെയ്യുന്നതിന് ദേവസ്വം ബോർഡിലെ വനിത ജീവനക്കാർ കൂട്ടേത്താടെ വിസമ്മതിക്കുന്നതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.