ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്
text_fieldsന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ മുൻ നിലപാട് ആവർത്തിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്ത്രീ പ്രവേശനത്തെ എതിർത്ത ദേവസ്വം അഭിഭാഷകൻ മനു അഭിഷേക് സിങ്വി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദിച്ചു. 10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ നിയന്ത്രണം തുടരണം. ഒാരോ സമുദായത്തിനും വ്യത്യസ്ത ആചാരങ്ങളാണെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി.
ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്‍റെ അടിസ്ഥാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നിലവിലെ ആചാരങ്ങളെ ആധുനിക മൂല്യങ്ങൾവെച്ച് അളക്കരുത്. ക്ഷേത്രാചാരങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.
41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകൾക്ക് ഈ വ്രതം പാലിക്കാൻ സാധിക്കില്ല. അതു കൊണ്ടാണ് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്. ശാരീരികമായി പ്രത്യേകതകളുള്ള എല്ലാവർക്കും നിയന്ത്രണം ബാധകമാണ്. സ്ത്രീ എന്നത് മാത്രമല്ല നിയന്ത്രണത്തിന് അടിസ്ഥാനം. മുസ് ലിം പള്ളികളിൽ അടക്കം വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ടെന്നും ദേവസ്വം വാദിച്ചു.
മാസത്തിലെ അഞ്ച് ദിവസം പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം ആകാമെന്ന നിലപാട് ദേവസ്വം ബോർഡ് ഹൈകോടതിയിൽ സ്വീകരിച്ച കാര്യം ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ അഞ്ച് ദിവസത്തേക്ക് നൈഷിക ബ്രഹ്മചാരിയായ അയ്യപ്പ വിഗ്രഹം അപ്രതക്ഷ്യപ്പെടുമോ എന്ന് ബെഞ്ച് ചോദിച്ചു. ബോർഡിന്‍റെ നിലപാടിൽ വ്യക്തതയില്ല. ധാർമികത കാലത്തിനൊത്ത് മാറുന്നതാണ്. ഭരണഘടനാപരമായ ധാർമികത പരിശോധിച്ചാൽ ഈ കേസിന്‍റെ കാര്യത്തിൽ അത് പാലിക്കാൻ സാധിക്കില്ല.
സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശത്തിന്‍റെ ലംഘനമാണ്. ഏതാനും സ്ത്രീകൾ എല്ലാകാലത്തും ശബരിമലയിൽ പോയിട്ടുണ്ട്. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനവും ലിംഗ വിവേചനവുമാണ്. 1950ന് ശേഷം എല്ലാം ഭരണഘടന അടിസ്ഥാനമാക്കി ആണ് നടപ്പാക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾക്ക് പരമാവധി 50 വർഷത്തെ പഴക്കമേയുള്ളൂവെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ്. നരിമാനും ചൂണ്ടിക്കാട്ടി.
അതേസമയം, ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടിനോട് യോജിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കാൻ വേണ്ടി ഭരണഘടനാ ബെഞ്ചിനോട് കൂടുതൽ സമയം ചോദിക്കാൻ അഭിഭാഷകനോട് ദേവസ്വം ബോർഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഭരണഘടനാ ബെഞ്ച് കൂടുതൽ സമയം നൽകില്ലെന്നും ഇത് പ്രായോഗികമല്ലെന്നും ഉള്ള മറുപടിയാണ് അഭിഭാഷകൻ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.