തരൂരിനെ പിന്തുണക്കാനുള്ള അഞ്ച് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കെഎസ് ശബരീനാഥൻ
text_fieldsഎ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ. കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകൾ ശശി തരൂരിനെ പിന്തുണക്കാതെ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് തരൂരിനെ പിന്തുണക്കാനുള്ള അഞ്ച് കാരണങ്ങൾ അക്കമിട്ട് നിരത്തി ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇലക്ഷന്റെ ജയപരാജയങ്ങൾക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്കാരം താഴെത്തട്ടിൽ വരെ കൊണ്ടുവരുവാൻ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കുമെന്ന് ശബരീനാഥൻ ചൂണ്ടികാണിക്കുന്നു. ആരു വിജയിച്ചാലും അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നൽകുമെന്നും അദ്ദേഹം കുറിച്ചു.
എം.കെ രാഘവൻ, കെ.സി അബു, കെ.എസ് ശബരീനാഥൻ തുടങ്ങിയവർ ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ പിന്തുണച്ച് ഒപ്പുവെച്ചിട്ടുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് തരൂരിനെ പിന്തുണക്കാൻ ശബരീനാഥൻ ചൂണ്ടികാണിക്കുന്ന അഞ്ച് കാരണങ്ങൾ ഇവയാണ്:
1. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം (ideology) ആണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്‌കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം communicate ചെയ്യാൻ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.
2. നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.
3. ലോകത്തിൽ ഉണ്ടാകുന്ന സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈ മാറ്റങ്ങൾ പാർട്ടി കൂടുതൽ ഉൾകൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തിൽ അപ്ഡേറ്റ് ചെയ്യുന്ന ഡോ. തരൂരിലൂടെ ഇത് സാധിക്കും.
4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോൺഗ്രസ് കാരനാണ്.
5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ, അദേഹം കൂട്ടായ പരിശ്രമത്തിൽ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ മുഴുവൻ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവർത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളർത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവർക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.