സബർമതിക്ക് എം.എ. യൂസുഫലി ഒരുകോടി രൂപ കൈമാറി
text_fieldsഹരിപ്പാട്: മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ കേരള ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യൂസുഫലി യാഥാർഥ്യമാക്കി. ഹോസ്റ്റൽ സൗകര്യമുള്ള മികച്ച കെട്ടിടം നിർമിക്കുന്നതിന് നൽകുമെന്ന് പറഞ്ഞ ഒരു കോടി രൂപ എം.എ. യൂസുഫലി കൈമാറി.
ഒരു കോടിയുടെ ചെക്ക് യൂസുഫലിക്ക് വേണ്ടി ലുലു ഇന്ത്യ സി.എഫ്.ഒ സതീഷ് കുറുപ്പത്ത്, റീജനൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ സബർമതി സ്ഥാപക നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. വെല്ലുവിളികൾ നേരിടുന്ന 114 കുട്ടികളാണ് സബർമതിയിൽ ഇപ്പോൾ പഠിക്കുന്നത്. മികച്ച ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ ഓരോ ദിവസവും ക്ലാസ് കഴിഞ്ഞ് കുട്ടികളെ വീട്ടിൽ തിരിച്ചുകൊണ്ടാക്കുകയാണ് ചെയ്തിരുന്നത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് താമസ ഇടം ഒരുക്കാൻ കഴിയാത്ത ബുദ്ധിമുട്ടിലായിരുന്നു സബർമതി കേന്ദ്രം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കം പങ്കെടുത്ത സബർമതിയുടെ ഏഴാം വാർഷിക പരിപാടിയിൽ രമേശ് ചെന്നിത്തല ഇക്കാര്യം യൂസുഫലിയുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. ഈ പ്രയാസം പരിഹരിക്കുമെന്ന് അപ്പോൾ തന്നെ ഉറപ്പ് നൽകിയ അദ്ദേഹം ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഹോസ്റ്റൽ നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.