'സഭ ടി.വി' പുനഃസംഘടനക്ക് നീക്കം; സ്വകാര്യ കമ്പനിയെ ഒഴിവാക്കും
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ 'സഭ ടി.വി' പുനഃസംഘടനക്ക് സര്‍ക്കാര്‍ നീക്കം. സ്വകാര്യ കമ്പനിയെ പൂര്‍ണമായും ഒഴിവാക്കി ഒ.ടി.ടി ഉൾപ്പെടെ സാങ്കേതിക നടപടികൾ നിയമസഭ ഐ.ടി വിഭാഗം ഏറ്റെടുക്കും. സോഷ്യൽ മീഡിയ കൺസൾട്ടന്‍റ് ഉൾപ്പെടെ ആറ് തസ്തികകളിലേക്കുള്ള നിയമനത്തിന് 'സഭാ ടിവി' അപേക്ഷ ക്ഷണിച്ചു.
നിയമസഭ നടപടികൾ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് സഭാ ടിവി തുടങ്ങിയതെങ്കിലും നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. ഡോക്യുമെന്‍ററികളും വെബ് വിഡിയോ പ്രൊഡക്ഷനും ഉൾപ്പെടെ പരിപാടികളുടെ ഗുണനിലവാരം മുതൽ ചെലവഴിച്ച തുക വരെ വിമര്‍ശനത്തിന് വിധേയമായി.
ഒ.ടി.ടി പ്ലാറ്റ്ഫോമും സോഷ്യൽ മീഡിയ മാനേജ്മെന്റും ബിട്രെയിറ്റ് എന്ന കരാര്‍ കമ്പനിക്കായിരുന്നു. കമ്പനിയുടെ കാര്യക്ഷമതയെക്കുറിച്ച് കാര്യമായ പരാതികൾ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താൻ നിയമസഭ ഐ.ടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.
പ്രവര്‍ത്തനം വിലയിരുത്താൻ തയാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനുപോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല എഡിറ്റോറിയൽ ടീമുമായി ഗുരുതരമായ അഭിപ്രായഭിന്നതയുമുണ്ടായി.
ഇതിനിടെ മോൻസൺ കേസിൽ ഉൾപ്പെട്ട വിവാദ വനിത അനിത പുല്ലയിലിനെ ലോക കേരളസഭ നടക്കുന്ന സമയം സഭാസമുച്ചയത്തിൽ കൊണ്ടുവന്നതോടെ ബ്രിട്രെയിറ്റിന്‍റെ ഇടപെടൽ വലിയ ചർച്ചയായി. കരാർ പ്രകാരം ബിട്രെയിറ്റ് തയാറാക്കിയ സോഫ്റ്റ്വെയർ സഭാ ടി.വിക്ക് കൈമാറും.
പ്രോഗ്രാം കോഓഡിനേറ്റര്‍, കാമറാമാൻ, കാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, സോഷ്യൽ മീഡിയ കൺസൾട്ടന്റ് തസ്തികകളിലേക്കാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. കരാറടിസ്ഥാനത്തിലാകും നിയമനം. സാങ്കേതികസഹായം നിയമസഭയുടെ ഐ.ടി വിഭാഗം നേരിട്ട് ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.