കേരളത്തെ ഉപേക്ഷിച്ചതല്ല, തന്നെ ചവിട്ടിപ്പുറത്താക്കിയതാണെന്ന് സാബു ജേക്കബ്
text_fieldsകൊച്ചി: താന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, തന്നെ ചവിട്ടിപ്പുറത്താക്കിയതാണെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബ്. വേദനയുണ്ട്, വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു.
ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞു നോക്കിയില്ലെന്ന് സാബു പറഞ്ഞു. ഇന്ന് കേരളത്തില്‍ നിന്ന് 61 ലക്ഷം ആളുകളാണ് പുറം രാജ്യത്തും അന്യ സംസ്ഥാനത്തും ഉള്ളത്. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം പ്രായമുള്ള മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന സ്ഥലമാകും. വ്യവസായികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആരും എന്നെ വിളിച്ചില്ല.
കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് വേദനയുണ്ട്. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദു:ഖിക്കേണ്ടി വരും. ഇത് തന്‍റെ പ്രതിഷേധമല്ല, ഇഷ്‌ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി.
കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. വ്യവസായ മന്ത്രി കെ.ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് നേരത്തെ ടെലിഫോണിൽ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.