'ട്വന്‍റി 20യെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു'; പി.വി ശ്രീനിജനെതിരെ സാബു എം. ജേക്കബ്
text_fieldsകൊച്ചി: പി.വി ശ്രീനിജന്‍ എം.എൽ.എയുടെ ജാതി അധിക്ഷേപ ആരോപണത്തിൽ പ്രതികരണവുമായി ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ട്വന്‍റി 20യെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി സാബു എം. ജേക്കബ് ആരോപിച്ചു.
പാർട്ടി നടത്തുന്ന വികസന പ്രവർത്തനങ്ങൾ പി.വി ശ്രീനിജന്‍ എം.എൽ.എ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ്. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും ആരെയും അപമാനിച്ചിട്ടില്ലെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പി.വി ശ്രീനിജിന്‍റെ പരാതിയിലാണ് സാബു എം. ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കഴിഞ്ഞ മലയാള മാസം ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷി ഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം.എൽ.എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ച കാരണം ചൂണ്ടിക്കാട്ടി എം.എൽ.എ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞു കൊണ്ട് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടത്തുന്ന പരിപാടികളിൽ എം.എൽ.എയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്‍റി-20 എന്ന പ്രാദേശിക പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നുമാണ് പരാതി. ഇതിനായി ഗൂഢാലോചന നടത്തി ട്വന്‍റി-20 പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തന്നെ സാമൂഹ്യ വിലക്ക് ഏർപ്പെടുത്തിയെന്നും എം.എൽ.എ പരാതി ചൂണ്ടിക്കാട്ടുന്നു.
നിരന്തരം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം.എൽ.എ രംഗത്ത് വന്നിരുന്നു. എം.എൽ.എയും ട്വന്റി 20യും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന പൊലീസ് കേസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.