സച്ചാർ സംരക്ഷണ സമിതി രൂപവത്കരിച്ചു; കാന്തപുരം എ.പി വിഭാഗം വിട്ടുനിന്നു
text_fieldsകോഴിക്കോട്: സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിൽ കേരള സർക്കാർ വരുത്തിയ വീഴ്ചക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായി സച്ചാർ സംരക്ഷണ സമിതി രൂപവത്കരിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം ജൂലൈ 23ന് ഓൺലൈനിൽ നടന്ന മുസ്ലിം സംഘടനാ നേതൃയോഗ തീരുമാനമനുസരിച്ച് ഞായറാഴ്ച ചേർന്ന സബ് കമ്മിറ്റി യോഗത്തിലാണ് സമിതി രൂപവത്കരണം. കാന്തപുരം എ.പി വിഭാഗം ഒഴികെയുള്ള പ്രധാന മുസ്ലിം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എല്ലാ സംഘടനകളുടെയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാവും.
സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. വിവിധ സംഘടനകളുടെ രണ്ടു വീതം ഭാരവാഹികൾ ഇതിനെത്തും. ധർണക്കുശേഷം നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും. സമിതി ജില്ല തലത്തിൽ രൂപവത്കരിച്ച് പ്രതിഷേധ പരിപാടികൾ നടത്തും. ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനെ വർഗീയമായി അധിക്ഷേപിക്കുന്ന പ്രവണതക്കെതിരെ ബോധവത്കരണം നടത്തുന്നതിനും സഹോദര സമുദായങ്ങൾക്കിടയിലെ തെറ്റിദ്ധാരണ നീക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു.
സച്ചാർ റിപ്പോർട്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയപ്പോൾ കേരളത്തിലെ മുസ്ലിം പിന്നാക്ക ജനവിഭാഗത്തിന് നിഷേധിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് യോഗം ആരോപിച്ചു. സച്ചാർ കമ്മിറ്റി പദ്ധതികൾ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് മുസ്ലിംകൾക്ക് മാത്രമായിത്തന്നെ നടപ്പാക്കണം. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള മറ്റ് പദ്ധതികൾ ജനസംഖ്യാനുപാതികമായി നടപ്പാക്കണം. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രത്യേക കമീഷനുകൾ സമർപ്പിക്കുന്ന ശിപാർശകൾ നടപ്പാക്കുന്നതിന് പൂർണ പിന്തുണ നൽകും. ലളിതമായി പരിഹരിക്കാവുന്ന വിഷയം സങ്കീർണമാക്കി ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും മുസ്ലിം ജനവിഭാഗം അവിഹിതമായി അവകാശങ്ങൾ നേടി എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് സർക്കാർ സമീപനത്തിൽ യോഗം പ്രതിഷേധിച്ചു.
സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, പി.എം.എ. സലാം (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി (കേരള നദ്‌വത്തുൽ മുജാഹിദീൻ), പി. മുജീബ് റഹ്‌മാൻ (ജമാഅത്തെ ഇസ്ലാമി), ടി.കെ. അഷ്‌റഫ് (വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് ഓർഗനൈസേഷൻ), ബി.പി.എ. ഗഫൂർ (കെ.എൻ.എം മർകസ്സുദഅ്‌വ), ഇ.പി. അഷ്‌റഫ് ബാഫഖി (സംസ്ഥാന ജംഇയ്യതുൽ ഉലമ), തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), കടക്കൽ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള ജമാഅത്ത് ഫെഡറേഷൻ), സി.ടി. സക്കീർ ഹുസൈൻ (എം.ഇ.എസ്), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമ ഹിന്ദ്), ഡോ. ഖാസിമുൽ ഖാസിമി (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.