Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുല്‍...

രാഹുല്‍ പ്രസിഡന്‍റാകണമെന്ന് സചിന്‍ പൈലറ്റ്

text_fields
bookmark_border
രാഹുല്‍ പ്രസിഡന്‍റാകണമെന്ന് സചിന്‍ പൈലറ്റ്
cancel

കൊച്ചി: രാഹുല്‍ ഗാന്ധിതന്നെ എ.ഐ.സി.സി അധ്യക്ഷനാകണമെന്നാണ് ഭൂരിഭാഗം സംസ്ഥാന കമ്മിറ്റികളുടെയും ആഗ്രഹമെന്നും വ്യക്തിപരമായി താനും അതാണ് ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായമാണ്.

ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെയും രാഹുലിനെയും അറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. രാഹുല്‍ഗാന്ധി മത്സരിച്ചാലും ഇല്ലെങ്കിലും ഒക്ടോബര്‍ 17ന് വോട്ടിങ് കഴിയുമ്പോള്‍ പാര്‍ട്ടിക്ക് പുതിയ പ്രസിഡന്‍റ് ഉണ്ടാവും. എറണാകുളത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രസിഡന്‍റായി മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആർക്കും മത്സരിക്കാമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യത ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. യാത്ര കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച എറണാകുളം ജില്ലയില്‍ തുടങ്ങിയ പദയാത്രയില്‍ ദിവസം മുഴുവന്‍ സചിന്‍ പൈലറ്റ് പങ്കെടുത്തു.

എറണാകുളത്തെ ഇളക്കിമറിച്ച് ഭാരത് ജോഡോ

കൊച്ചി: നാടാകെ ഇളക്കിമറിച്ച് ആവേശം അലതല്ലുന്നതായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം. ജില്ലയിലെ കോൺഗ്രസിന്‍റെ ശക്തി വിളിച്ചോതുന്നതായിരുന്നു ജാഥയിലെ വൻ ജനക്കൂട്ടം. രാവിലെ 6.30ന് കുമ്പളം ടോള്‍ പ്ലാസയില്‍നിന്നാണ് ആദ്യഘട്ട പര്യടനം തുടങ്ങിയത്. മഹാസമാധി ദിനത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഹുൽ യാത്ര തുടങ്ങിയത്. അപ്പോൾതന്നെ കുമ്പളം, മാടവന, നെട്ടൂർ മേഖലകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.

10.30ഓടെ ഇടപ്പള്ളിയിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാഹുലിന്‍റെ അതിവേഗമുള്ള നടത്തത്തിൽ 10നുതന്നെ യാത്ര ഇടപ്പള്ളിയിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽനിന്ന് 1500 പേരെയാണ് റാലിയിലേക്ക് നിശ്ചയിച്ചിരുന്നതെങ്കിലും വന്നത് അയ്യായിരത്തോളം പേരാണ്. അവരെല്ലാം രാഹുലിനൊപ്പം 14 കിലോമീറ്ററോളം നടന്നു. റോഡ് നിറഞ്ഞൊഴുകുന്ന ജാഥ റോഡിനിരുവശവും കാഴ്ചക്കാരായി നിന്നവർക്കും ആവേശമായി. വൈറ്റില ജങ്ഷനടുത്ത് ഒരു കടയിൽ പ്രഭാതഭക്ഷണം കഴിക്കാൻ അരമണിക്കൂറോളം ചെലവഴിച്ചതൊഴിച്ചാൽ മറ്റ് എവിടെയും തങ്ങാതെയായിരുന്നു നടത്തം. കന്യാകുമാരിയിൽനിന്ന് ജാഥ തുടങ്ങിയശേഷം 14ാം ദിവസമാണ് എറണാകുളത്ത് എത്തിയത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിരുന്നു.

ഉച്ചക്ക് ഒരു മണിക്ക് കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. ഐ.ടി പ്രഫഷനുകളുമായി സംവദിച്ച അദ്ദേഹം ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കളമശ്ശേരിയിൽ സാമൂഹിക, സാംസ്കാരിക, ആത്മീയനേതാക്കൾക്കൊപ്പമാണ് രാഹുൽ ഉച്ചഭക്ഷണം കഴിച്ചത്.

വൈകീട്ട് നാലിന് ഇടപ്പള്ളി ടോള്‍ ജങ്ഷനില്‍നിന്ന് പുനരാരംഭിച്ച ജാഥ ഏഴിന് ആലുവ സെമിനാരിപ്പടിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ ആലുവയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചക്ക് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

ദേശീയനേതാവ് സചിൻ പൈലറ്റ്, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, എം.എം. ഹസൻ, ഡൊമിനിക് പ്രസന്‍റേഷൻ തുടങ്ങിയ നേതാക്കൾ ജാഥയിൽ അണിനിരന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National CongressSachin PilotRahul Gandhi
News Summary - Sachin Pilot wants Rahul to become INC President
Next Story