പ്രതിരോധത്തിനായി എഴുത്തുകാർ ഒന്നിച്ചേ തീരൂ –സച്ചിദാനന്ദൻ
text_fieldsതൃശൂർ: സത്യം പറയാൻ ധൈര്യപ്പെടാതെ നുണകളെ താങ്ങിനിർത്തേണ്ട അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യയെന്ന് കവി സച്ചിദാനന്ദൻ. കൊലപാതകവും നാടുകടത്തൽ ഭീഷണിയുമായി കടുത്ത വെല്ലുവിളി േനരിടുേമ്പാൾ സമൂഹത്തിനുവേണ്ടിയുള്ള പ്രതിരോധത്തിനായി എഴുത്തുകാർ ഒന്നിച്ചേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 60ാം വാർഷികത്തിെൻറ ഭാഗമായി ‘സാഹിത്യവും പ്രതിരോധവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ.
ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ പ്രതിരോധം ജനാധിപത്യത്തെ യഥാർഥ ജനാധിപത്യമാക്കാൻവേണ്ടിയാണ്. പീഡിപ്പിക്കപ്പെടുന്നവരുടെയും അകറ്റിനിർത്തപ്പെടുന്നവരുടെയും ചെറുത്തുനിൽപും അധികാരത്തോട് സത്യം സംസാരിക്കാനുള്ള പ്രയത്നവുമാണ് ഇൗ പ്രതിരോധം. ഒറ്റപ്പെട്ടാലും സത്യം വിളിച്ചു പറയുന്നിടത്താണ് സാഹിത്യം പ്രതിരോധത്തിെൻറ രൂപം കൈക്കൊള്ളുന്നത്. ആധിപത്യ പ്രവണതയുള്ള ഒരു സംസ്കാരത്തെ പ്രതിേരാധത്തിെൻറ സംസ്കാരംകൊണ്ട് അതിജീവിക്കാനുള്ള ഉപാധിയാണ് സാഹിത്യം.കർഷകരും ചെറുകിട വ്യാപാരികളും അന്യവത്കരിക്കപ്പെടുകയും മാധ്യമങ്ങളെ ആശ്രയിച്ചുള്ള ബിംബ നിർമാണത്തിലൂടെ ഭൂതകാല ആരാധന അടിച്ചേൽപിക്കുകയും പ്രത്യക്ഷവും പരോക്ഷവുമായ ഹിംസയിലൂടെ സമൂഹത്തെ കീഴ്പ്പെടുത്തുകയും ചെയ്യുേമ്പാൾ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ എഴുത്തുകാർ ഒന്നിക്കണമെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
ഭരണകൂടം സെൻസർഷിപ് ഏർപ്പെടുത്താതെതന്നെ വ്യക്തികൾ ഭീതിയോടെ സ്വയം നിയന്ത്രിക്കുന്ന കാലമാണിതെന്ന് ചർച്ചയിൽ പെങ്കടുത്ത പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. വായനയുടെ വാതിലുകൾ വലിച്ചടക്കപ്പെടുകയാണ്. ഭക്ഷണത്തിൽ ഇടപെടുന്നത് ജനാധിപത്യം അപഹരിക്കപ്പെടുന്നതിലേക്കുള്ള നിമിത്തം മാത്രമാണ്. ഇന്ന് ഒാരോ ഗ്രാമത്തിലും അറവുകാരൻ ആദരിക്കപ്പെടണം. പ്രതിരോധത്തിെൻറ ബീഫ് ഡാൻസ് നാടെങ്ങും നടക്കണം. അത് ഫാഷിസത്തിെൻറ നെഞ്ചത്തുള്ള ചവിട്ടാകണം. എന്നാൽ, കാലം ആവശ്യപ്പെടുന്ന വിധത്തിൽ ഉയരാനും പ്രതിരോധത്തിെൻറ ഒരു വരയോ വരിയോ തീർക്കാനും മൂലധന ബോധ്യമുള്ള എഴുത്തുകാർക്ക് കഴിയുന്നില്ലെന്ന് കെ.ഇ.എൻ പറഞ്ഞു.ഇ.പി. രാജഗോപാലൻ മോഡറേറ്ററായിരുന്നു. അക്കാദമി പ്രസിഡൻറ് വൈശാഖൻ, വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, അക്കാദമി അംഗങ്ങളായ ഡോ. മ്യൂസ് മേരി ജോർജ്, മങ്ങാട് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.