ആദിവാസികൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പരാതി നുണയാണെന്ന് സദാനന്ദ രങ്കരാജ്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസികൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പരാതി നുണയാണെന്ന് തമിഴ്നാട്ടുകാരനായ സദാനന്ദ രംങ്കരാജ്. വെള്ളകുളത്തെ ആദിവാസി ഊരിന് സമീപം തനിക്ക് ഭൂമിയുണ്ട്. വില്ലേജിൽ നികുതിയടച്ച രസീതും കോടതി ഉത്തരവും തന്റെ കൈയിലുണണ്ടെന്നും അദ്ദേഹം മാധ്യമം ഓൺലൈനിനോട് പറഞ്ഞു.
ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ പരാതിയിൽ രങ്കരാജിന് അനുകൂലമായി ഉത്തരവ് ലഭിച്ചു. സബ് കലക്ടറുടെ ഉത്തരവ് കോടതിയിൽ ഹാജരാക്കി തനിക്ക് അനുകൂലമായ കോടതി വിധിയും ലഭിച്ചു. അതല്ലാതെ ആദിവാസി ഭൂമി കൈയേറിയിട്ടില്ലെന്ന് രങ്കരാജ് അറിയിച്ചു.
മണ്ണാർക്കാട് സബ് രജിസട്രാർ ഓഫിസിലെ 1967ലെ ദാനാധാരപ്രകാരം അമ്മൂമ്മയായ മുത്തമ്മാളിന് ലഭിച്ച 10.15 ഏക്കർ ഭൂമിയാണിത്. നിരവധി പതിറ്റാണ്ടുകളായി ഈ ഭൂമി കുടുംബത്തിന്റേതാണ്. ബ്ലോക്ക് പഞ്ചായത്ത് ലോക്ക്ഡൗൺ കാലത്ത് തന്റെ അനുമതിയോ അറിവോ ഇല്ലാതെ അനധികൃതമായി ഈ വസ്തുവിന് സംരക്ഷണഭിത്തി കെട്ടി. ഇത് സർക്കാരിന്റെ ഫണ്ട് തട്ടിയെടുക്കാൻ ചെയ്തതതാണ്. ഹൈക്കോടതിയും സർവേ നടത്താൻ ഉത്തരവിട്ടു. അത് പ്രകാരം ഈ ഭൂമിയിൽ താലൂക്ക് സർവേയർ മുഖേന സർവേ നടത്തി. ഒറ്റപ്പാലം ആർ.ഡി.ഒക്ക് ഭൂമി കൈയേറ്റം സംബന്ധിച്ച് പരാതി നൽകി. 2023 ഡിസംബർ 13ന് സബ് കലക്ടർ അനുകൂലമായി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്.
ഇക്കാര്യത്തിൽ സദാനന്ദ രങ്കരാജ് മണ്ണാർക്കാട് മുൻസിഫ് കോടതിയെയും സമീപിച്ചു. കോടതി വെള്ളകുളത്ത് ആദിവാസികൾ വസ്തുവകയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. രങ്കി(61), മുരുകൻ (31), അയ്യപ്പൻ(25), ഗണേശൻ (20), രത്തിനം, (30), മലർ (38), പാപ്പാൾ (32), രാമി (33), കുഞ്ചിയമ്മ(28), പോനൻ(23), 11. രാമി( 51) എന്നിവരെയും അവരുടെ സഹായികളെയുമാണ് കോടതി തടഞ്ഞത്. വെള്ളക്കുളം പ്രദേശത്താണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കാൻ വനം വകുപ്പ് അനുമതി നൽകിയത്.
വെള്ളക്കുളം ഭാഗത്തെ മുരുകേശനും കാളിയമ്മയും ഫെബ്രുവരി രണ്ടിന് തന്റെ ഭൂമിയിൽ അനധികൃതമായി കടന്നുകയറി തന്നെ ആക്രമിച്ചു. തുടർന്ന് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് നികുതി അടച്ചിട്ടുണ്ട്. കൈവശാവകാശ സർട്ടിഫിക്കറ്റും ഉണ്ട്. കോടതി ഉത്തരവുകളും രേഖകളും അനുസരിച്ചുള്ള സ്വകാര്യ സ്വത്താണ്.
സ്വകാര്യ വസ്‌തുവിൽ അനധികൃത നിർമാണം നടത്തി സർക്കാർ ഫണ്ട് പാഴാക്കുന്ന ബ്ലോക്ക് പഞ്ചായത്തിനെതിരെ പാലക്കാട് കലക്ടർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ശിലാ ഫലം നാട്ടിയ ഭൂമിയലാണ് കൈയേറ്റം നടത്തിയതെന്ന് ആദിവാസികൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടരിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം ആദിവാസി പറയുന്ന നുണകളാണെന്ന് രങ്കരാജ് അറിയിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.