രാജിയിൽ വിഷമമുണ്ട്, സുധീരനുമായി ചർച്ച നടത്തും -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ പാർട്ടി രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവെച്ചത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നയാളല്ല അദ്ദേഹം.
സുധീരനുമായി ചർച്ച നടത്തും. സമിതിയിൽനിന്ന് മാറിനിൽക്കുന്നത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. രാജിക്ക് പിന്നിൽ പുനഃസംഘടനുമായി ബന്ധപ്പെട്ട അതൃപ്തിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു സതീശന്‍റെ മറുപടി.
സുധീരന്‍റെ രാജി നിർഭാഗ്യകരമാണെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും വി.ഡി. സതീശനും സുധീരനുമായി ചർച്ച നടത്തും. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും പി.ടി. തോമസ് പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ശനിയാഴ്ചയാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് സുധീരൻ രാജിക്കത്ത് കൈമാറിയത്. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സുധാകരനെ ഫോണിൽ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന്‍റ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം. സുധീരൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരന് അതൃപ്തിയുണ്ടെന്നാണ് സൂചന. മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.