കോൺഗ്രസിന്‍റെ മുന്നിൽ നടക്കാനല്ല, മുന്നിൽ നടത്താനാണ് ലീഗ് പരിശ്രമിച്ചിട്ടുള്ളത് -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസിന്‍റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ് എന്നും പരിശ്രമിച്ചിട്ടുള്ളതെന്നും ഇപ്പോൾ വിമർശനമുന്നയിക്കുന്ന രാഷ്ട്രീയ ആചാര്യന്മാരുടെ കൂടെ ഒരേ മുന്നണിയിൽ പ്രവർത്തിച്ച പാരമ്പര്യം മുസ്‌ലിം ലീഗിനുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സാദിഖലി ശിഹാബ് തങ്ങൾ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
"കോൺഗ്രസ്സിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസ്സിനെ മുന്നിൽ നടത്താനാണ് മുസ്‌ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്"
കേരള രാഷ്ട്രീയത്തിൽ വലിയ പാരമ്പര്യമുണ്ട് യുഡിഎഫിന്.
അര നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ആ മുന്നണി സംവിധാനത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെയാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ പാരമ്പര്യം അവകാശപ്പെടാവുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്സ്.
ഒന്നേക്കാൽ നൂറ്റാണ്ടിനപ്പുറം പാരമ്പര്യമുള്ള ജനാധിപത്യ ബഹുജന സംഘടനയാണത്.
സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലും, സ്വാതന്ത്ര്യാനന്തരം രാഷ്ട്ര നിർമ്മാണ പ്രക്രിയക്കും നേതൃത്വം നൽകിയത് കോൺഗ്രസ്സ് തന്നെയാണ്.
രാഷ്ട്രത്തിനുവേണ്ടി ജീവിതം സമർപ്പിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും, രാഷ്ട്രത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നേതൃത്വം നൽകിയ കോൺഗ്രസ്സ്.
ആ വലിയ പാരമ്പര്യത്തിന്റെ പിൻതുടർച്ച തന്നെയാണ് ഇന്നത്തെ കോൺഗ്രസ്സ്.
ഏഴു പതിറ്റാണ്ടിനപ്പുറം പാരമ്പര്യമുണ്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്. ഇന്ന് മുസ്‌ലിം ലീഗിനെതിരേയും യുഡിഎഫിനെതിരേയും വിമർശനമുന്നയിക്കുന്ന ചിലരുടെ രാഷ്ട്രീയ ആചാര്യന്മാരുടെ കൂടെ ഒരേ മുന്നണിയിൽ പ്രവർത്തിച്ച പാരമ്പര്യവുമുണ്ട് മുസ്‌ലിം ലീഗിന്.
ജനാധിപത്യ ബോധവും മുന്നണിമര്യാദയും മുസ്‌ലിം ലീഗിനറിയാം. യുഡിഎഫിനകത്ത് മുസ്‌ലിംലീഗിന്റെ ഇടം ഏതാണെന്നും നിർവ്വഹിക്കേണ്ട ദൗത്യം എന്താണെന്നും മുസ്‌ലിം ലീഗിന് നന്നായറിയാം.
"കോൺഗ്രസ്സിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസ്സിനെ മുന്നിൽ നടത്താനാണ് മുസ്‌ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്"
ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ്സാണ്.
ചിലർ കോൺഗ്രസ്സ് രഹിത ഭാരതം എന്ന മുദ്രാവാക്യമുയർത്തുന്ന ഈ കാലത്ത് കോൺഗ്രസ്സ് ശക്തിയാർജ്ജിക്കണം എന്ന് മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നു.
മുസ്‌ലിം ലീഗ് നിർവ്വഹിക്കുന്ന ദൗത്യം മഹത്തരമാണെന്ന ഉറച്ച ബോധ്യം മുസ്‌ലിം ലീഗിനുണ്ട്.
താൽക്കാലിക ലാഭ നഷ്ടങ്ങളല്ല, ബഹുസ്വര ഇന്ത്യയുടെ ഭരണഘടനയുടെ സംരക്ഷണം തന്നെയാണ് മതേതര ചേരിയുടെ ആത്യന്തിക ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.