മുഈനലി തങ്ങളുടെ വിവാദ പരാമർശം ചർച്ച ചെയ്യുമെന്ന് സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഹൈദരലി തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ വിവാദ പരാമർശം ചർച്ച ചെയ്യുമെന്ന് മുസ് ലിം ലീഗ് മലപ്പുറം ജില്ല അധ്യക്ഷൻ സാദിഖലി തങ്ങൾ. പാണക്കാട് കുടുംബത്തിനും പാർട്ടിക്കുള്ളിലും ചർച്ച നടത്തിയ ശേഷം ഈ വിഷയത്തിൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരലി തങ്ങളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. പാണക്കാട് കുടുംബത്തിന്റെ പലരും സ്ഥലത്തില്ല. ലീഗ് നേതാക്കൾ കൂടി എത്തിയ ശേഷം നാളെ യോഗം ചേരുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം പി.കെ. കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് മുഈനലി തങ്ങൾ ആരോപിച്ചത്. പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആേരാപണങ്ങളുടെ നിജഃസ്ഥിതി വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ലീഗിെൻറ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായോടൊപ്പം പങ്കെടുത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആഞ്ഞടിച്ചത്.
40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം പല തവണ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിന് കണക്കില്ല. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈനലി വികാരാധീനനായി വിശദീകരിച്ചു.
പാർട്ടി രക്ഷപ്പെടണമെങ്കിൽ കാതലായ പുനർവിചിന്തനം ആവശ്യമാണ്. പഴയ അവസ്ഥയിലേക്ക് പാർട്ടിയെ തിരികെ കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് ആരും മുന്നിട്ടിറങ്ങിയില്ലെങ്കിൽ പിതാവിെൻറ അവസ്ഥയാവും ഉണ്ടാവുക. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരം സാമ്പത്തിക ആരോപണത്തിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ലെന്നും മുഈനലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.