പള്ളികളിൽ ബോധവത്കരണം ഉണ്ടാകും, വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുതെന്ന് സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: വഖഫ് നിയമങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ പള്ളികളിൽ ബോധവത്കരണം ഉണ്ടാകുമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത വെള്ളിയാഴ്ച മഹല്ല് തലത്തിൽ ബോധവത്കരണം നടത്തുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. അത് വിഭാഗീയത ഉണ്ടാക്കും. വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്. ബോധവത്കരണം നടത്തണമെന്നത് മുസ് ലിം സംഘടനകളുടെ കൂട്ടായ തീരുമാനമാണ്. ഈ തീരുമാനത്തിന് പിന്നാലെ വിഷയത്തെ ചിലർ രാഷ്ട്രീയവൽകരിച്ചു. നിലവിലെ വിവാദം ചിലർ ഉണ്ടാക്കിയതാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്. പള്ളികളിൽ രാഷ്ട്രീയം പറയേണ്ടെന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. ബോധവത്കരണം നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. ആ നിലപാടിനെ മുസ് ലിം ലീഗ് മാനിക്കുന്നു. ലീഗ് സമസ്തയുടെ നിലപാടിനൊപ്പമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
മഹല്ല്. പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്താമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്.മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചാൽ പോകാവുന്നതാണ്. വിശ്വാസപരമായ കാര്യങ്ങളിൽ സർക്കാർ അതാത് മതവിഭാഗങ്ങളുമായി ചർച്ച ചെയ്യണം. പള്ളികളിലെ ബോധവത്കരണത്തിൽ വിശ്വാസികൾ മാത്രമല്ല സർക്കാരും ഉൾപ്പെടുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം സർക്കാറിന്‍റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവത്കരണ പ്രഭാഷണങ്ങൾ നടത്താൻ മുസ്ലിം സംഘടനകൾ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം നേതൃസമിതി കോർകമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈകോടതി, സുപ്രീംകോടതി അടക്കമുള്ളവയെ സമീപിക്കാനും യോഗം തീരുമാനിച്ചിരുന്നു. വഖഫിന്റേത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാനത്തിന് ഇടപെടാനധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികൾ ആരംഭിക്കുക. അഡ്വ. വി.കെ. ബീരാന്റെ നേതൃത്വത്തിൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുക്കുക.
ഡിസംബർ ആറിന് തിങ്കളാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയിൽ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും.
തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങളും നടത്തും. സംഘ്പരിവാറിനേക്കാൾ വലിയ ന്യൂനപക്ഷ, ദലിത് വിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കോർ കമ്മിറ്റി യോഗം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.