പിതൃവാത്സല്യം ചൊരിഞ്ഞ 'ആറ്റക്ക' -സാദിഖലി ശിഹാബ് തങ്ങൾ
text_fieldsഅന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിക്കുന്നു
ചെറുപ്പം തൊട്ടുള്ള ഓർമകളാണ് എന്നും മനസ്സിൽ. ഞങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾ അന്തരിച്ചത് 1975ലായിരുന്നു. അദ്ദേഹം അസുഖബാധിതനായ സമയത്ത് ചികിത്സക്ക് മുംബൈയിലെ ടാറ്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഹൈദരലി തങ്ങൾ വിവിധ കലാലയങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി വീട്ടിലെത്തിയ കാലമായിരുന്നു അത്. സഹോദരങ്ങളായ ശിഹാബ് തങ്ങളും ഉമറലി തങ്ങളും മറ്റു തിരക്കുകളിലായിരുന്നു. ആ സമയത്ത് പിതാവിന്റെ ചികിത്സകാര്യങ്ങൾ നോക്കിയിരുന്നതും മുംബൈയിലേക്ക് കൊണ്ടുപോയിരുന്നതും ഹൈദരലി തങ്ങളായിരുന്നു.
മുൻ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി, പിതാവിന്റെ സന്തത സഹചാരി പാണക്കാട് അഹമ്മദ് ഹാജി എന്നിവരുമുണ്ടായിരുന്നു കൂടെ. മുംബൈയിൽനിന്ന് വീട്ടിൽ എത്തിച്ച ശേഷം ഹൈദരലി തങ്ങൾ പുറത്തൊന്നും പോകാതെ ബാപ്പയുടെ കൂടെയായിരുന്നു. പിതാവിന് വലിയ ഇഷ്ടമായിരുന്നു തങ്ങളെ.
ഞാനും എന്റെ സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങളും ജനിക്കുന്നതിന് ഇടയിൽ വലിയ ഇടവേളയുണ്ടായിരുന്നു. ആ സമയത്തൊക്കെ ഹൈദരലി തങ്ങളായിരുന്നു ഇളയ മകൻ. ആ നിലക്ക് ഇളയ മകൻ എന്ന പരിഗണനതന്നെയാണ് ഹൈദരലി തങ്ങൾക്ക് ലഭിച്ചിരുന്നത്. 'ആറ്റപ്പൂ' എന്നാണ് പിതാവ് ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്.
ഹൈദരലി തങ്ങളുടെ സ്കൂൾ -മത വിദ്യാഭ്യാസത്തിന് അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. കോഴിക്കോട് എം.എം സ്കൂളിലായിരുന്നു വിദ്യാഭ്യാസകാലം. നാട്ടിൽ സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത കാലത്താണ് പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പഠനത്തിന് അയച്ചത്.
സുബ്ഹിക്കുതന്നെ അദ്ദേഹത്തിന്റെ ദിവസം തുടങ്ങും. ആ സമയമാകുമ്പോഴേക്കും ജനങ്ങൾ കാണാൻ എത്തും. അത് പാതിര വരെ നീളും. കഴിഞ്ഞ റമദാൻ മുതലാണ് അസുഖം തുടങ്ങിയത്. അവസാനസമയത്ത് ആയുർവേദ ചികിത്സ ഉൾപ്പെടെ നൽകി. ജീവൻ നൽകുന്ന ദൈവം മരണം തരുമല്ലോ? ദൈവത്തിന്റെ അലംഘനീയ നിയമത്തിന് മുന്നിൽ സഹോദരൻ കീഴടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.