കേരളം ദുർഭരണത്തിന്റെ ദുർഗന്ധത്തിൽ -സാദിഖലി തങ്ങൾ
text_fieldsപൊന്നാനി: കേരളം ദുർഭരണത്തിന്റെ ദുർഗന്ധത്തിലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ യൂത്ത് മാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഭരണം ദുർഭരണമായി മാറി. വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായി മാറി. ആരോഗ്യ മേഖല രോഗഗ്രസ്തമായി. ഇതിനെതിരെ ശക്തമായ പോരാട്ടവീര്യത്തോടെ മുന്നേറി കേരളത്തെ രക്ഷപ്പെടുത്തണം.
നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയെ മറ്റു ലോക രാഷ്ട്രങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ആ കൂട്ടായ്മയുടെ ശക്തിയാണ് ഇന്ത്യ. ഇതിനെയെല്ലാം എതിർക്കുന്നവർ വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ പരസ്പരം അകറ്റിക്കൊണ്ടിരിക്കുന്നു. ഒരു ഭരണാധികാരിയും ഭരണകൂടവും ചെയ്യാൻ പാടില്ലാത്തതാണ് ഭിന്നിപ്പിക്കുകയെന്നത്. എന്നാൽ, അതാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടമാണ് നാം നടത്തേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ, പി. അബ്ദുൽ ഹമീദ്, അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. യു.എ. ലത്തീഫ്, സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളായ സി.പി. സൈതലവി, അബ്ദുറഹിമാൻ രണ്ടത്താണി, ജില്ല ഭാരവാഹികളായ ഇസ്മാഈൽ മുത്തേടം, അഷ്‌റഫ് കോക്കൂർ, കെ.ടി. അഷ്‌റഫ്, സലീം കുരുവമ്പലം, കെ.എം. ഗഫൂർ, അഡ്വ. പി.പി. ആരിഫ്, എ.പി. ഉണ്ണികൃഷ്ണൻ, അൻവർ മുള്ളമ്പാറ, ഇബ്റാഹീം മുതൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.